k

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വമാനവികസന്ദേശം നൽകുന്ന ദൈവദശകം മോഹിനിയാട്ടം നൃത്താവിഷ്ക്കാരമായി നൂറു വേദികളിൽ എത്തുന്നു. കലാമണ്ഡലം മോഹിനിയാട്ട വിഭാഗം മേധാവി കലാമണ്ഡലം ഹൈമവതി ചിട്ടപ്പെടുത്തിയ ദൈവദശകം കലാമണ്ഡലം മാധുരിയാണ് അവതരിപ്പിക്കുന്നത്. ദൈവദശകം ലോകഭാഷകളിൽ മൊഴിമാറ്റി ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന 'ദൈവദശകം വിശ്വവിശാലതയിലേക്ക്' പദ്ധതിയുടെ ഭാഗമായാണിത്. ലോകത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും ഊർജം പകരാൻ പര്യാപ്‌തമായ ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ദൈവദശകം കൂട്ടായ്മാ പദ്ധതി ഇന്ന് രാവിലെ 10ന് ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടക കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി എന്നിവർ പങ്കെടുക്കുമെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ഗുരുധർമ്മ പ്രചാരണ സഭ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് രാജേഷ് സഹദേവൻ എന്നിവർ അറിയിച്ചു.