ഒരുകാലത്ത് അഭ്രപാളിയിൽ വർണവിസ്മയങ്ങൾ തീർത്ത മോഹനൻ നിറം മങ്ങിയ ജീവിതത്തിന്റെ വർണം തേടിയാണ് ചലച്ചിത്ര മേളയിലെത്തിയത്.സിനിമയിൽ 42 വർഷത്തോളം ആർട്ട്, സെറ്റ് വർക്ക് ചെയ്തു വരികയായിരുന്ന മോഹനൻ ഇത്തവണ അണിയറയിലില്ലെന്നു മാത്രം. സിനിമ ചിത്രീകരിക്കുന്ന ക്യാമറയുടെ മിനിയേച്ചറുമായാണ് അദ്ദേഹം മേളയിലെത്തിയത്. ഒന്നും രണ്ടുമല്ല നിരവധിയെണ്ണം വില്പനയ്ക്കായെത്തിച്ചു. വാഹനാപകടത്തെ തുടർന്ന് സിനിമ വിട്ടതോടെ മറ്റു ജോലികളൊന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ മെമന്റോ വർക്കുകളിലേക്ക് തിരിഞ്ഞു. നെയ്യാറ്റിൻകര സ്വദേശിയായ മോഹനൻ ചലച്ചിത്ര മേളയിൽ 11 വർഷം തുടർച്ചയായി ആർട്ട്, സെറ്റ് വർക്കുകൾ ചെയ്തിട്ടുണ്ട്.1980കൾക്ക് മുൻപുള്ള സിനിമകളുടെ ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുള്ള ക്യാമറകളുടെ മിനിയേച്ചർ മോഡലുകളാണ് മോഹനൻ ഒരുക്കിയിരിക്കുന്നത്. തേക്കിലാണ് നിർമ്മാണം. ഓരോന്നും പൂർത്തിയാക്കാൻ മൂന്ന് ദിവസത്തോളമെടുത്തു. ആയിരം രൂപയാണ് ഒന്നിന് വില. ആ കാലഘട്ടത്തെ ക്യാമറ എങ്ങനെയായിരുന്നുവെന്ന് പുതുസിനിമാ പ്രവർത്തകരെ അറിയിക്കുകയാണ് ക്യാമറാ നിർമ്മാണത്തിന് പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഈ കുഞ്ഞൻ ക്യാമറകൾ. നടൻ അലൻസിയർ ഉൾപ്പെടെ നിരവധി പേർ ക്യാമറ വാങ്ങി.