photo

നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട എട്ടാംകല്ല്, അയണിക്കാട് റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. മണ്ണും കല്ലും ചെളിയും നിറഞ്ഞ പ്രധാന റോഡിൽ ഇരുചക്ര വാഹനയാത്രക്കാർ തെന്നിവീഴുന്നത് നിത്യസംഭവമാണ്. കാൽനടയായും സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. കരകുളം ഹോമിയോ ആശുപത്രി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ദിവസവും അനേകം രോഗികൾ ചികിത്സ തേടിയെത്തുന്ന ആതുരാലയത്തിലെത്താൻ നാട്ടുകാരും ജീവനക്കാരും ഏറെ വലയുകയാണ്. ദുർഘടം പിടിച്ച ഭാഗത്ത് ഇന്റർലോക്ക് ഇടുന്നതിന് നടപടി സ്വീകരിക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഏറ്റവും ഒടുവിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നാണ് വിശദീകരണം. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് റോഡ് ശരിയാക്കിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് സ്ഥലവാസികൾ പറഞ്ഞു.