
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ഒറ്റത്തവണ ഗ്രാന്റായി നൽകേണ്ടതാണെന്നും അത് വായ്പയായി പരിഗണിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി.ജി.എഫ് തുക ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന മാനദണ്ഡം പിൻവലിക്കണം. തൂത്തുക്കുടി തുറമുഖത്തിനു നൽകിയ അതേ പരിഗണന വിഴിഞ്ഞവും അർഹിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു.
വി.ജി.എഫ് ഒറ്റത്തവണ ഗ്രാന്റാണെന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണ് വഴിഞ്ഞത്തിന്റെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റി 817.80കോടി വി.ജി.എഫിന് ശുപാർശ ചെയ്തതാണ്. ഈ തുക തിരിച്ചടയ്ക്കണമെന്നാണ് പുതിയ നിബന്ധന. കേന്ദ്രം നൽകുന്നത് 817.80കോടിയാണെങ്കിലും തിരിച്ചടവിന്റെ കാലയളവിൽ പലിശ നിരക്കിലുള്ള മാറ്റങ്ങളും തുറമുഖത്ത് നിന്നുള്ള വരുമാനവും പരിഗണിച്ചാൽ 10,000 മുതൽ 12,000 കോടി വരെ പലിശയടക്കം തിരിച്ചടയ്ക്കേണ്ടിവരും.
വി.ജി.എഫ് മാർഗ്ഗനിർദ്ദേശങ്ങളിൽ വി.ജി.എഫ് തിരിച്ചടയ്ക്കണമെന്ന നിബന്ധനയില്ല. 2005മുതൽ 238 പൊതു,സ്വകാര്യ പദ്ധതികൾക്ക് 23,665കോടി വി.ജി.എഫായി അനുവദിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും വായ്പയാക്കി തിരിച്ചടവ് നിർദ്ദേശിക്കുന്നില്ല. അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കാനാണ് വി.ജി.എഫ് നൽകുന്നത്. കേന്ദ്രത്തിന്റെ പുതിയ നിലപാട് വി.ജി.എഫിന്റെ യുക്തിയെ നിരാകരിക്കുന്നതാണ്. കേന്ദ്രത്തിന്റെ 817.80കോടിക്ക് സമാനമായ തുക സംസ്ഥാനവും വി.ജി.എഫായി നൽകുന്നുണ്ട്. 4,777.80കോടി സംസ്ഥാനത്തിന്റെ നിക്ഷേപവുമുണ്ട്.
വി.ജി.എഫ് തിരിച്ചടവ് സംബന്ധിച്ച നിലപാട് റദ്ദാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടെന്നും തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക് വി.ജി.എഫ് അനുവദിച്ചപ്പോൾ സമാനമായ നിബന്ധനകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.