തിരുവനന്തപുരം : പരിമിതികളെ പോലും വെല്ലുവിളിച്ചാണ് കൂട്ടുകാരായ സുൾഫിയും ഷാനും സിദ്ധാർത്ഥും ചലച്ചിത്ര മേളയിൽ എത്തിയത്.മൂന്ന് വർഷത്തെ സൗഹൃദമേ മൂവരും തമ്മിൽ ഉള്ളൂവെങ്കിലും മുൻജന്മ ബന്ധംപോലെ കളങ്കമില്ലാത്തതാണ് ഇവരുടെ സ്‌നേഹം. ആ സ്‌നേഹമാണ് മേളയിലേക്കും ഇവരെ എത്തിച്ചത്. മൂന്ന് വർഷം മൂമ്പ് ഏതാണ്ട് അടുത്തടുത്ത ദിവസങ്ങളിൽ വലിയൊരു അപകടത്തിൽ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടവരാണ് സുൾഫിയും ഷാനും സിദ്ധാർത്ഥും. ഇപ്പോൾ വീൽച്ചെയറിലാണ് ഇവരുടെ യാത്ര. അപകടം ശരീരത്തെ തളർത്തിയെങ്കിലും മനസിനെ തളർത്തിയിട്ടില്ലെന്ന് അവർ പറയുന്നു. ഫിസിയോതെറാപ്പി ചെയ്യാനെത്തിയ ആശുപത്രിയിൽ വച്ചാണ് ഇവരുടെ കണ്ടുമുട്ടൽ. ആ സൗഹൃദം മേള വരെ എത്തി നിൽക്കാൻ കാരണം സിനിമ തന്നെയാണ്. തിരുവനന്തപുരം സ്വദേശികളായ ഇവർ പരിചയപ്പെട്ടതുമുതൽ പിന്നീടുള്ള യാത്രകളെല്ലാം ഒരുമിച്ചായിരുന്നു. ഇറങ്ങുന്ന സിനിമകളെല്ലാം ഒരുമിച്ചു തന്നെ കാണും. മാനവീയം വീഥിയിലെ എല്ലാ ദിവസവുമുള്ള ചർച്ചകളിലും സിനിമ തന്നെയാണ് പ്രധാന വിഷയം. ചലച്ചിത്ര മേളയിൽ ഇതാദ്യമായാണ് ഇവർ സിനിമ കാണാനെത്തുന്നത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ നേരിട്ടാണ് മൂന്ന് പേർക്കും പാസ് നൽകിയത്. എല്ലാ തിയേറ്ററുകളിലും കയറി കഴിയുന്നത്ര സിനിമകൾ കാണണമെന്നാണ് ഇവരുടെ ആഗ്രഹം. നഗരത്തിലെ തിയേറ്ററുകളിൽ റാംപ് ഒരുക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു. കരമന സ്വദേശിയായ സുൾഫിക്ക് പൊള്ളാച്ചിയിൽ വച്ച് ലോറി കൊക്കയിലേക്ക് വീണാണ് പരിക്കേറ്റത്. ചേട്ടനൊപ്പം യാത്ര ചെയ്യവെ ബൈക്ക് അപകടത്തിൽപ്പെട്ടാണ് ഷാന് പരിക്കേറ്റത്. സിദ്ധാർത്ഥ് സ്‌കൂട്ടറിൽ സഞ്ചരിക്കവെ ബ്രേക്ക് പൊട്ടി കുഴിയിൽ വീണായിരുന്നു അപകടം.