തിരുവനന്തപുരം: 24-ാം പാർട്ടികോൺഗ്രസിന് മുന്നോടിയായി സി.പി. എം ജില്ലാ സമ്മേളനത്തിന്
20ന് കൊടിയുയരും. സമ്മേളനം 20 മുതൽ 23 വരെ കോവളത്ത് നടക്കുമെന്ന് ജില്ലാ സെക്രട്ടറി വി. ജോയിയും മന്ത്രി വി .ശിവൻകുട്ടിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആനത്തലവട്ടം ആനന്ദൻ സ്മൃതിമണ്ഡപത്തിൽനിന്ന് പതാകജാഥയും തിരുവല്ലം ശിവരാജന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് കൊടിമരജാഥയും വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള ദീപശിഖാ ജാഥകളും 20ന് കോവളത്ത് സംഗമിക്കും. വൈകിട്ട് അഞ്ചരയ്ക്ക് സീതാറാം യെച്ചൂരി നഗറിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
21ന് രാവിലെ ഒമ്പതിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (കോവളം ജി .വി രാജ കൺവെൻഷൻ സെന്റർ) പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എ.കെ. ബാലൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും. 19 ഏരിയകളിൽനിന്നുള്ള 439 പേരാണ് പ്രതിനിധികൾ. 23ന് 2.30ന് ആഴാകുളത്തുനിന്ന് വിഴിഞ്ഞത്തേക്ക് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും നടക്കും. വൈകിട്ട് നാലിന് വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൺ ടി.എൻ. സീമ, ജനറൽ കൺവീനർ പി.എസ്. ഹരികുമാർ, ജില്ലാ കമ്മിറ്റിയംഗം പി. രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ്.അജിത്ത് എന്നിവരും പങ്കെടുക്കും.