vizinjam

വിഴിഞ്ഞം തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും പോരിലാണ്. വി.ജി.എഫ് ഒറ്റത്തവണ ഗ്രാന്റായി നൽകേണ്ടതാണെന്നും അത് വായ്പയായി പരിഗണിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാൽ വി.ജി.എഫ് തുക ഗഡുക്കളായി പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന നിലപാടിലാണ് കേന്ദ്രം. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റിയാണ് 817.80 കോടി രൂപയുടെ വി.ജി.എഫ് വിഴിഞ്ഞത്തിന് ശുപാർശ ചെയ്തത്. കേന്ദ്രം നൽകുന്നത് 817.80 കോടിയാണെങ്കിലും തിരിച്ചടവിന്റെ കാലയളവിൽ പലിശ നിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്ത് നിന്നുള്ള വരുമാനവും പരിഗണിച്ചാൽ 10000 മുതൽ 12000 കോടി വരെ പലിശയടക്കം തിരിച്ചടയ്ക്കേണ്ടിവരുമെന്നതാണ് സംസ്ഥാനത്തെ കുഴക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028 ഡിസംബറിൽ പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45ലക്ഷം കണ്ടെയ്നറുകളായി ഉയരുകയും 40വർഷത്തെ കരാർ കാലയളവിൽ വരുമാനം 2,15,000കോടിയായി ഉയരുകയും ചെയ്യും. 36വർഷം കൊണ്ട് 48000 കോടി സർക്കാരിന് കിട്ടുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് തുറമുഖത്തിന് 817.80കോടി വി.ജി.എഫ് നൽകുന്നതിന് പകരം തുറമുഖത്തു നിന്ന് സർക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 20ശതമാനം കേന്ദ്രത്തിന് നൽകണമെന്ന വ്യവസ്ഥ കടുപ്പിച്ചത്. ഇത് അംഗീകരിച്ചാൽ സംസ്ഥാനത്തിന് 12,000കോടിയോളം രൂപ തിരിച്ചടയ്ക്കേണ്ടി വരും. മാത്രമല്ല, പണം തിരികെ നൽകാമെന്ന് സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ കരാറുണ്ടാക്കുകയും വേണം. അല്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്യാനാവും.

വിഴി‌ഞ്ഞത്ത് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്ന പദ്ധതിതുകയായ 4089കോടിയുടെ 40% കേന്ദ്രവും സംസ്ഥാനവും വി.ജി.എഫ് ആയി അനുവദിക്കുമെന്നായിരുന്നു 10വർഷം മുൻപേയുള്ള ധാരണ. ഇതുപ്രകാരം കേന്ദ്രം 817.8കോടിയും സംസ്ഥാനം 817.18കോടിയും നൽകണമായിരുന്നു. ഇത് പദ്ധതിത്തുകയുടെ 40% വരും. ഇതിൽ 20%തുക കേന്ദ്രം മുടക്കുന്നതിനാൽ തുറമുഖത്തുനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന വരുമാനത്തിന്റെ 20% നൽകണമെന്നാണ് കേന്ദ്രനിലപാട്. കമ്മിഷനിംഗിന് ശേഷമാണ് വി.ജി.എഫ് അദാനിക്ക് നൽകേണ്ടത്. പണം നൽകാറായ ഘട്ടത്തിലാണ് വി.ജി.എഫിന്റെ പേരിലുള്ള ഉടക്ക്. കേന്ദ്രത്തിന്റെ 817.80 കോടിക്ക് സമാനമായ തുക സംസ്ഥാനവും വി.ജി.എഫായി നൽകുന്നുണ്ട്. 4,777.80 കോടി സംസ്ഥാനത്തിന്റെ നിക്ഷേപവുമുണ്ട്. അതിനാൽ പ്രത്യേക പരിഗണന വേണമെന്നാണ് സംസ്ഥാന ആവശ്യം. വി.ജി.എഫ് ലഭ്യമാക്കുന്നതിനുള്ള കരാറുണ്ടാക്കുന്നത് കേന്ദ്രവും അദാനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ വേണമെന്നാണ് വിചിത്രമായ നിബന്ധന.

തൂത്തുക്കുടിയിൽ

കാര്യം വേറെ

തൂത്തുക്കുടിയിൽ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്തിന് 1411.19കോടിയാണ് കേന്ദ്രം വി.ജി.എഫായി അനുവദിക്കുക. കടലിൽ ഔട്ടർ ഹാർബർ കണ്ടെയ്നർ ടെ‌ർമിനലുണ്ടാക്കാനും ആഴംകൂട്ടി പുലിമുട്ടുണ്ടാക്കാനുമുള്ള 7055.95കോടിയുടെ പദ്ധതിക്കാണ് കേന്ദ്രം വി.ജി.എഫ് നൽകുന്നത്. തൂത്തുക്കുടിക്ക് തിരിച്ചടയ്ക്കേണ്ടാത്ത വി.ജി.എഫാണ് കേന്ദ്രം അനുവദിച്ചതെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അവിടെയും വിഴിഞ്ഞത്തെപ്പോലെ, കമ്മിഷനിംഗ് കഴിഞ്ഞ് പതിനൊന്നാം വർഷം മുതൽ ഒരു ശതമാനം വരുമാനം ടെർമിനൽ നടത്തിപ്പുകാരായ സ്വകാര്യകമ്പനി കേന്ദ്രവുമായി പങ്കുവയ്ക്കണം. പിന്നീടുള്ള ഓരോവർഷവും ഓരോ ശതമാനം വീതം കൂടും. ഇത് പരമാവധി 35ശതമാനം വരെയാകാം. കേന്ദ്ര ഷിപ്പിം​ഗ് മന്ത്രാലയത്തിന്റെ തുറമുഖമായ തൂത്തുക്കുടിയിൽ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ മോഡലിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെയ്നർ ടെർമിനൽ വരുന്നത്. വരുമാനം പങ്കുവയ്ക്കുമെന്ന വ്യവസ്ഥയോടെയാണ് വി.ജി.എഫ് അനുവദിക്കാൻ കേന്ദ്രധനമന്ത്രാലയം ധാരണയിലെത്തിയത്. തൂത്തുക്കുടിയിലെ ടെർമിനലിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല.

തുറമുഖത്തെ

ബാധിക്കില്ല

വി.ജി.എഫ് തർക്കം തുറമുഖം അടുത്തമാസം കമ്മിഷൻ ചെയ്യാനുള്ള നടപടികളെ ഒരുതരത്തിലും ബാധിക്കില്ല. വി.ജി.എഫ് വൈകിയാലും പദ്ധതിയുടെ അടുത്തഘട്ടങ്ങളുമായി അദാനി മുന്നോട്ടുപോവും. അടുത്തഘട്ടത്തിനുള്ള 9700കോടി അദാനി മാത്രമാണ് മുടക്കുന്നത്. അതിന് വി.ജി.എഫുമില്ല. രണ്ടുംമൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028 ഡിസംബറിനകം പൂർത്തിയാക്കും. തുറമുഖത്തിന്റെ സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ സാദ്ധ്യമായ വാണിജ്യ, വ്യാവസായിക പദ്ധതികൾ സംസ്ഥാനം തയ്യാറാക്കുന്നുണ്ട്. 65വർഷം തുറമുഖ നടത്തിപ്പ് അദാനിക്കാണ്. തുറമുഖ അനുബന്ധ പദ്ധതികൾക്കായി കേന്ദ്രബഡ്ജറ്റിൽ 5000കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. തുറമുഖത്തേക്ക് 1,400കോടി ചെലവിൽ തുരങ്ക റെയിൽപ്പാത, 6,000കോടിക്ക് ഔട്ടർ റിംഗ്‌റോഡ്, ദേശീയപാത താത്കാലിക കണക്ടിവിറ്റിക്ക് 1.7കി.മീ അപ്രോച്ച്റോഡ് എന്നിവ വരും. പൂർണ സജ്ജമാകുന്നതോടെ 10,000 കോടിയുടെ നിക്ഷേപം വരും. 5,000 തൊഴിലവസരങ്ങളുണ്ടാവും.

''വി.ജി.എഫ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന്റേത് പകപോക്കൽ സമീപനമാണ്. 817.80കോടി കേന്ദ്രസഹായം നൽകുന്നതിന് ഏതാണ്ട് 10000 - 12000 കോടി രൂപയായി തിരിച്ചടക്കണം. സംസ്ഥാന സർക്കാരിനു മേൽ അധികബാദ്ധ്യത ചുമത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ നിബന്ധന അംഗീകരിച്ചാൽ തുച്ഛമായ തുക മുടക്കുന്ന കേന്ദ്രസർക്കാർ വലിയ ലാഭവിഹിതം പിടിച്ചടക്കുന്ന അവസ്ഥയുണ്ടാവും. ഇതുവരെ ഇങ്ങനെയൊരു വ്യവസ്ഥയുണ്ടായിരുന്നില്ല.''

-പിണറായി വിജയൻ

മുഖ്യമന്ത്രി