aa

തിരുവനന്തപുരം: ബജ്ജിക എന്നൊരു ഭാഷയുണ്ടെന്ന് ചലച്ചിത്രപ്രേമികൾ ഇന്നലെ തിരിച്ചറിഞ്ഞു. ബജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമായ ആജൂർ ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേയമായി. ഇന്ത്യയിലും നേപ്പാളിലുമായി രണ്ട് കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ബജ്ജിക. സാമ്പത്തിക പരിമിതികൾ മറികടന്ന് ജനകീയ കൂട്ടായ്മയൊരുക്കിയാണ് ബീഹാർ സ്വദേശിയും ഗ്രാമവാസികളിലൊരാളുമായ സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശിന്റെ നേതൃത്വത്തിൽ സിനിമ പൂർത്തീകരിച്ചത്. ബജ്ജിക സംസാരിക്കുന്ന ശ്രീരാംപുർ ഗ്രാമവാസികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയതാണ് ആജൂർ. അഞ്ചുവർഷത്തെ കഠിനപ്രയത്നത്തിലൂടെ ചിത്രം നിർമ്മിച്ചത് ഗ്രാമവാസികളാണ്. അഭിനേതാക്കളായ ഗ്രാമീണർക്ക് തുടർച്ചയായ പരിശീലനം നൽകി. ഐ.എഫ്.എഫ്.കെ.യിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ഗ്രാമീണരുടെ സിനിമാസ്വപ്നങ്ങൾക്ക് നിറം പകർന്നതായും ആത്മവിശ്വാസം ഉയർത്തിയതായും സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശ് പറഞ്ഞു.സിനിമയിലൂടെ സ്വന്തം ഗ്രാമങ്ങൾക്ക് പുറത്തുള്ള ലോകം കണ്ടു. കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും സിനിമ പ്രചോദനമായെന്ന് ആര്യൻ പറഞ്ഞു. ഒരു യാത്രയിലൂടെയാണ് ഈ സിനിമയ്ക്കുള്ള പ്രചോദനമുണ്ടായത്. ചിത്രത്തിന്റെ സംവിധാനത്തിന് ആര്യൻ ചന്ദ്രപ്രകാശിന് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.