ഇടയ്ക്കിടെ മഴ പെയ്തെങ്കിലും സിനിമാവേശത്തിന് കുറവൊന്നുമുണ്ടായില്ല. ചലച്ചിത്രമേളയുടെ രണ്ടാംദിനം തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ.

തിയേറ്ററുകൾക്കൊപ്പം ചർച്ചാവേദികളും സംവിധായകരുമായുള്ള മുഖാമുഖം വേദികളിലുമൊക്കെ ഡെലിഗേറ്റുകളും സിനിമാപ്രേമികളും സജീവമായി പങ്കെടുത്തു. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്മിയെ ആദരിക്കുന്ന പ്രത്യേക സെഷനായിരുന്നു ഇന്നലത്തെ മുഖ്യ ആകർഷണം. നഗരത്തിലെ മദ്ധ്യവർഗ കുടുംബത്തിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന തന്നെ അങ്കൂർ എന്ന ആദ്യ ചിത്രത്തിലെ ലക്ഷ്മിയാക്കി മാറ്റാൻ സംവിധായകൻ ശ്യാം ബെനഗൽ നടത്തിയ ശ്രമങ്ങൾ ഷബാന പങ്കുവച്ചു. ഷബാനയുടെ ചിത്രങ്ങളുടെ റെട്രോസ്‌പെക്ടീവും ഇത്തവണയുണ്ട്. മത്സരവിഭാഗത്തിൽ കൈരളി തിയേറ്ററിൽ പ്രദർശിപ്പിച്ച ജർമ്മനിയിൽ നിന്നുള്ള എൽബോ എന്ന ചിത്രവും പ്രേക്ഷകശ്രദ്ധ നേടി.മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് നിള തിയേറ്ററിൽ നടന്നു. മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ രണ്ടാമത്തെ മലയാള ചിത്രമായ ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ ഉൾപ്പെടെയുള്ളവയുടെ ആദ്യ പ്രദർശനം ഇന്ന് നടക്കും. 3ന് ശ്രീപദ്മനാഭ തിയേറ്ററിലാണ് പ്രദർശനം. അടിച്ചമർത്തലിനെതിരെയുള്ള വീട്ടമ്മയുടെ ചെറുത്തു നിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം. വിവിധ വിഭാഗങ്ങളിലായി 67 സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക.ചലച്ചിത്രമേളയിലെ ആദ്യ മീറ്റ് ദ ഡയറക്ടേഴ്‌സ് പരിപാടിയിൽ അപ്പുറം സിനിമയുടെ സംവിധായിക ഇന്ദുലക്ഷ്മി, ചിത്രത്തിലെ അഭിനേതാവ് ജഗദീഷ്,വെളിച്ചം തേടി സിനിമയുടെ സംവിധായകൻ റിനോഷൻ കെ, അർജന്റൈൻ ചിത്രമായ ലിന്റയുടെ സഹരചയിതാക്കളിൽ ഒരാളായ സബ്രിന കാംപ്പോസ് എന്നിവർ പങ്കെടുത്തു.