
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി എസ്.എഫ്.ഐ പ്രവർത്തകർ. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു.ലക്ഷദ്വീപ് പീച്ച്മാൽ സ്വദേശിയും ഇസ്ളാമിക്ക് ഹിസ്റ്ററി രണ്ടാംവർഷ വിദ്യാർത്ഥിയുമായ മുഹമ്മദ് ഫയാസിനെയാണ് മർദ്ദിച്ചത്.ക്രൂരമായ മർദ്ദനത്തിൽ ഫയാസിന്റെ ചെവിക്ക് ഗുരുതര പരിക്കുണ്ട്.കൂടാതെ വയറ്റിലേറ്റ ചവിട്ടിൽ ക്ഷതവും സംഭവിച്ചു. ചികിത്സതേടി ജനറൽ ആശുപത്രിയിലെത്തിയെങ്കിലും ഇവിടെനിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു.തുടർന്ന് ഫയാസിന്റെ പരാതിയിലാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്.
കോളേജ് യൂണിയനുവേണ്ടി പ്രവർത്തിക്കാത്തതിന് എസ്.എഫ്.ഐക്കാർ സംഘം ചേർന്ന് മർദ്ദിച്ച ഭിന്നശേഷിക്കാരനായ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അനസിനൊപ്പം താൻ നിൽക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് ഫയാസ് പറയുന്നു.
വ്യാഴാഴ്ച രാത്രി 12നായിരുന്നു ആക്രമണം.യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലാണ് ഫയാസ് താമസിക്കുന്നത്.അവിടേക്ക് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആകാശ്,അമീഷ്,കൃപേഷ്,ആദിൽ,കോളേജിലെ മുൻ വിദ്യാർത്ഥിയായ അഭിജിത്ത് എന്നിവർ ഹോസ്റ്റലിലെത്തി.
ഇവർ റൂമിൽ കയറി, ഭിന്നശേഷിക്കാരനായ അനസിനൊപ്പം ഇനി നിൽക്കരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് സമ്മതിക്കാതിരുന്നതോടെ 'എസ്.എഫ്.ഐക്കാർക്കെതിരെ നിൽക്കുമോ' എന്ന് ആക്രോശിച്ച് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ഫയാസ് പറയുന്നു.ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും തറയിൽ തള്ളിയിട്ട് ചെവിയിലും വയറ്റിലും ആഞ്ഞ് ചവിട്ടുകയും അടിക്കുകയും ചെയ്തു.തുടർന്ന് പുറത്തുപോയവർ വീണ്ടുമെത്തി കലിയടങ്ങാത്ത മട്ടിൽ നീ ലക്ഷദ്വീപുകാരനല്ലേയെന്ന് ആക്രോശിച്ച് ഇതേ രീതിയിൽ വീണ്ടും മർദ്ദിച്ചതായി ഫയാസ് പറഞ്ഞു. ജാതി അധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്.ഹോസ്റ്റലിൽ താമസം തുടർന്നാൽ വീണ്ടും ഇതേ രീതിയിൽ ക്രൂരപീഡനം നേരിടേണ്ടിവരുമെന്ന് പ്രവർത്തകർ ഭീഷണപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തിൽ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
അക്രമമുഖരിതമോ യൂണിവേഴ്സിറ്റി
അടുത്തിടെ ക്രൂര മർദ്ദനങ്ങളുടെ കഥകളാണ് യൂണിവേഴ്സിറ്റി കോളേജിനെ കേന്ദ്രീകരിച്ച് പുറത്തുവരുന്നത്. ഭിന്നശേഷി വിദ്യാർത്ഥിയെ ഭിന്നശേഷി ദിനത്തിൽ തല്ലിയതും,അന്യസംസ്ഥാന വിദ്യാർത്ഥിയെ ഹോസ്റ്റലിൽ കയറി മർദ്ദിച്ച് അവശനാക്കിയതും ഗൗരവ സംഭവങ്ങളാണ്.ആദ്യ കേസിൽ അറസ്റ്റ് നടപടികളിലേക്ക് പോലും പൊലീസ് കടന്നില്ല.രണ്ടാമത്തെ സംഭവമുണ്ടായ സാഹചര്യത്തിലെങ്കിലും പൊലീസ് ഊർജ്ജിത അന്വേഷണം നടത്തുമെന്നാണ് വിലയിരുത്തൽ.രണ്ട് സംഭവങ്ങളിലും എസ്.എഫ്.ഐയുടെ മറുപടിയും മൗനമാണ്.