
കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ ആലുംമൂടം ഗവ. എൽ.പി സ്‌കൂളിനായി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. മന്ത്രിയുടെ വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 1080 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ക്ലാസ് മുറികളും മുകളിലത്തെ നിലയിൽ ഒരു ക്ലാസ് മുറിയുമാണ് ഉള്ളത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സോമൻ, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി, സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി എം.ജലീൽ, അഡ്വ. റഫീക്ക്, പുഷ്പാവിജയൻ തുടങ്ങിയവർ പങ്കെടുത്തു.