കഴക്കൂട്ടം: കുട്ടികളുള്ള വീടിന് മുന്നിലൂടെ വളർത്തുനായയെ കൊണ്ടുപോയത് വിലക്കിയ ഗൃഹനാഥനെ ക്രിമിനൽ കേസുകളിലെ പ്രതി നായയെ വിട്ടു കടിപ്പിച്ചു.കടിയേറ്റു കാലിന് ഗുരുതരമായി പരിക്കേറ്റ കഠിനംകുളം ചിറയ്ക്കൽ സ്വദേശി സക്കീർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ചിറയ്ക്കൽ സ്വദേശിയുമായ സമീറിനെതിരെ പൊലീസ് കേസെടുത്ത് തിരച്ചിൽ തുടങ്ങി.

പൊലീസിൽ പരാതിപ്പെട്ടതിന് പ്രതി ഒരു കുപ്പി പെട്രോളുമായി എത്തി സക്കീറിന്റെ വീടിന് മുന്നിൽ തീയിട്ട് ഭീഷണിപ്പെടുത്തി. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. സമീർ, സക്കീറിന്റെ വീടിനടുത്ത് കൂടി പലപ്രാവശ്യവും നായയുമായി പോയപ്പോൾ കുഞ്ഞുങ്ങളുള്ളതിനാൽ അതുപറഞ്ഞ് വിലക്കിയിരുന്നു.ഇതോടെ വാക്കുതർക്കമാകുകയും തുടർന്ന് നായയെ ചങ്ങലയിൽ നിന്ന് അഴിച്ചുവിട്ട് സക്കീറിനെ കടിപ്പിക്കുകയുമായിരുന്നു.

സംഭവം പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ സമീർ കുപ്പിയിൽ പെട്രോളുമായെത്തി സക്കീറിന്റെ വീടിന് മുന്നിൽ തീയിടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ സമീർ അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.