in

അമ്മയെ ഒറ്റയ്ക്കിരുത്താൻ പേടിയാണ്. എപ്പോഴാ അടുത്ത അറ്റംപ്റ്റ് എന്നറിയില്ല!- കൗമാരക്കാരിയായ ജാനകി സ്വന്തം അമ്മയെക്കുറിച്ച് ഡോക്ടറോട് പറയുകയാണ്. ആത്മഹത്യയിൽ അഭയം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അമ്മ. ആ അമ്മയുടെ ജീവനു കാവലായി അവളും അച്ഛൻ വേണുവും. പക്ഷെ, അമ്മയുടെ ആത്മഹത്യാശ്രമം ഒരിക്കൽ വിജയിച്ചു. അതിനു മുമ്പ് ഒരിക്കൽ അമ്മ ജാനകിയോടു പറ‌ഞ്ഞു: ''എന്റെ ചിതഭസ്മം ഹിമാലയത്തിൽ കൊണ്ടുപോയി ഒഴുക്കണം. ഹിമാലയം എന്തു രസമാണെന്നോ... ഞാൻ വായിച്ചിട്ടുണ്ട്... അവിടെ ചെന്നുചേരണം അതാണ് ശരിക്കുള്ള മോക്ഷം...""

അമ്മയുടെ മരണം മുതൽ ജാനകിയുടെ ജീവിതം ആകെ മാറുകയാണ്. ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത സംഘർഷങ്ങളുടെ തട്ടിൻപുറത്തേക്ക് അവൾ എടുത്തെറിയപ്പെടുന്നു. ആർത്തവം അശുദ്ധിയായെന്നു കൽപ്പിച്ചവർ അമ്മയുടെ മുഖം അവസാനമൊന്നു കാണാൻ പോലും അവളെ അനുവദിച്ചില്ല. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിട്ടും അവളുടെ അമ്മയെ തുടർപഠനത്തിന് അനുവദിക്കാത്ത അതേ ആളുകൾ മറ്റൊരു രൂപത്തിൽ അവതരിക്കുകയായിരുന്നു. മനുഷ്യന്റെയുള്ളിലെ ഭയം വിറ്റ് ജീവിക്കുന്നവരാണ് അവരെന്ന് അച്ഛൻ പറയുന്നുണ്ടെങ്കിലും അവർ പുകഞ്ഞ് പുറത്തു ചാടുകയാണ്. അത് സമൂഹത്തിന്റെ ചിന്തകളിലേക്ക് തീ കോരിയിട്ടുകൊണ്ടായിരുന്നു.

ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലെ മലയാള ചിത്രം,​ 'അപ്പുറം" കണ്ടു കഴിയുമ്പോൾ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അതിരെന്താണ് എന്ന ചോദ്യം മനസിലുണ്ടാകും. അനഘാ രവി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാൾ മികച്ച കഥാപാത്രമാണ് ജാനകി. ജാനകിയുടെ അമ്മ ചിത്രയായി മിനി ഐ.ജി വേഷമിട്ടിരിക്കുന്നു. അച്ഛൻ വേണുവായി ജഗദീഷ് എത്തുന്നു. മൊബൈൽ ഫോൺ വ്യാപകമാകുന്നതിനു മുമ്പുള്ളതാണ് സിനിമയുടെ കാലം.

അമ്മയുടെ ജീവൻ പൊലിയാതെ കാവലിരുന്ന ജാനകി. അമ്മയുടെ മരണശേഷം ആർത്തവത്തിന്റെ പേരിൽ തട്ടിൻപുറത്തേക്ക് ആട്ടിപ്പായിക്കപ്പെട്ട ജാനകി. ഇരുപതു വർഷത്തിനു ശേഷം ആ ജാനകി ഇവിടെ ഈ മേളയിലുണ്ട്. മറ്റാരുമല്ല; ചിത്രത്തിന്റെ സംവിധായിക ഇന്ദു ലക്ഷ്മി! ''എന്റെയുള്ളിലെ മുറിവാണ് ഈ സിനിമ. ഈ അടുത്ത കാലത്ത് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഞാൻ. അപ്പോൾ ഞാൻ എന്റെയുള്ളിലെ മുറിവിലേക്കു പോയി. അതിന്റെ പ്രതിഫലനമായിട്ടാണ് ഈ സിനിമിയുടെ സ്ക്രിപ്ട് രൂപപ്പെടുന്നത്. ഫിക്ഷണൽ എലമെന്റ് കുറവാണ് ഈ സിനിമയിൽ."" ഇന്ദു ലക്ഷ്മി 'കേരളകൗമുദി"യോടു പറഞ്ഞു.

?​ സ്വന്തം ജീവിതത്തിൽ അനുഭവിച്ചത്.

 ആ കാര്യങ്ങളൊക്കെ വിവരിക്കാൻ ബുദ്ധിമുട്ടുണ്ട്.

?​ ഇപ്പോഴും അത്തരം വിശ്വാസങ്ങളുണ്ടോ.

 മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലത്തെ ഗ്രാമമാണ് സിനിമയിൽ കാണിക്കുന്നത്. ഇപ്പോഴും പലയിടത്തും ആർത്തവത്തിന്റെ പേരിൽ മരണാന്തര ചടങ്ങിൽ നിന്ന് പെൺകുട്ടികളെ വിലക്കുന്നുണ്ട്. ചിലർ സ്വയം മാറിനിൽക്കുന്നു. പുരോഗമന ചിന്തയുള്ള കുടുംബങ്ങളിൽ ഈ വിലക്കുകൾ ഇല്ലെന്നു മാത്രം.

?​ വിശ്വാസവും അവിശ്വാസവും ഇടകലരുന്നതായി സിനിമ കാണുമ്പോൾ തോന്നാം...

 വിശ്വാസം v/s അന്ധവിശ്വാസം എന്ന രീതിയിൽ ഞാൻ കണ്ടിട്ടില്ല. ഈ സംശയം ക്ലൈമാക്സിന്റെ കാര്യത്തിലായിരിക്കും തോന്നുന്നത്. അത് ചിത്ര എന്ന കഥാപാത്രത്തിന്റെ ആഗ്രഹം മാത്രാണ് സാധിക്കുന്നത്. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെടുത്തിയല്ല അതു പറയുന്നത്.

?​ രണ്ടാമത്തെ ചിത്രം ഐ.എഫ്.എഫ്.കെയുടെ മത്സരവിഭാഗത്തിൽ!

 ശരിക്കും ഭയങ്കര സന്തോഷം. ചലച്ചിത്ര അക്കാഡമിയോട് നന്ദിയുണ്ട്. ഇന്ത്യൻ മേളയിൽ പ്രവേശനം കിട്ടിയില്ല. ഇനി ഇവിടെ നിന്ന് തുടങ്ങണം. മറ്റു മേളകളിലേക്ക് ചിത്രം അയയ്ക്കണം.

?​ നിർമ്മാണച്ചെലവ്.

 അത് ഇപ്പോൾ പറയുന്നില്ല. ഒരുപാടു പേരുടെ ഹൃദയം ഈ ചിത്രത്തിലുണ്ട്.

?​ കുടുംബം.

 തിരുവനന്തപുരമാണ് സ്വദേശം. ‌ജർമ്മനിയിലാണ് കഴിയുന്നത്. ഭ‌ർത്താവ് കനകൻ. നിര‌ഞ്ജനും നന്ദനയും മക്കൾ.