dd
വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്‌സ് ഹാളിൽ നടന്ന വാസ്തുവിദ്യ 13-ാമത് ദേശീയ സമ്മേളനത്തിന്റെ ഉദ്‌ഘാടനം വാസ്തുവിദ്യാ പ്രതിഷ്‌ഠാനത്തിന്റെ ചെയർമാൻ കാണിപ്പയ്യൂർ കൃഷ്‌ണൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്‌സ് ഇന്ത്യ കേരള സ്റ്റേറ്റ് സെന്റർ ചെയർമാൻ ബാലകൃഷ്‌ണൻ നായർ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ മാനേജിംഗ് ഡയറക്ടറും സംഘാടക സെക്രട്ടറിയുമായ ഡോ.മനോജ് കുമാർ കിനി, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്(സി.ഇ.ടി) റിട്ട.പ്രിൻസിപ്പൽ ഡോ.ആശാലത തമ്പുരാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഇന്ത്യ ഓണററി സെക്രട്ടറി കെ.ആർ.സുരേഷ്‌കുമാർ, വാസ്തുവിദ്യാ പ്രതിഷ്‌ഠാനം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ. ശിവശങ്കരമേനോൻ എന്നിവർ സമീപം

തിരുവനന്തപുരം: വാസ്തുവിദ്യ 13-ാമത് ദേശീയ സമ്മേളനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഹാളിൽ ഇന്നലെ തുടക്കമായി. കോഴിക്കാട് ആസ്ഥാനമായി മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന വാസ്തുവിദ്യാ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം ആദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്. വാസ്‌തുവിദ്യയെ സാങ്കേതികമായും സാമൂഹികമായും കാലാനുസൃതമായി പുതുക്കുക, സാധാരണക്കാരിലേക്ക് എത്തിക്കുക, ആധുനിക-പരമ്പരാഗത ആർക്കിടെക്ട്, എൻജിനിയറിംഗ് രീതികളെ സമന്വയിപ്പിക്കുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. പുതുതലമുറയിലുള്ളവർക്ക് വാസ്തുവിദ്യയെപ്പറ്റി ബോധവത്കരണവും നടത്തി.

'ആധുനിക കാലത്തെ വാസ്‌തുവിദ്യ' എന്ന വിഷയത്തിലുള്ള സെമിനാർ വാസ്തുവിദ്യാ പ്രതിഷ്ഠാനത്തിന്റെ ചെയർമാൻ കാണിപ്പയ്യൂർ കൃഷ്‌ണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഇന്നലെയും ഇന്നുമായി മൂന്ന് സെഷനുകളിലായി രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സമ്മേളനം. ഉദ്ഘാടനസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്‌സ് ഇന്ത്യ കേരള സ്റ്റേറ്റ് സെന്റർ ചെയർമാൻ ബാലകൃഷ്‌ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്(സി.ഇ.ടി) റിട്ട.പ്രിൻസിപ്പൽ ഡോ.ആശാലത തമ്പുരാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഇന്ത്യ ഓണററി സെക്രട്ടറി കെ.ആർ.സുരേഷ്‌കുമാർ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ മാനേജിംഗ് ഡയറക്ടറും സംഘാടക സെക്രട്ടറിയുമായ ഡോ.മനോജ് കുമാർ കിണി എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ പ്രഭാഷണങ്ങൾ നടത്തി.