
'ഓള് ഫെമിനിച്ചിയാ..." അവഗണനയുടെ സ്വരത്തിൽ പൊന്നാനിക്കാർ ഫാത്തിമയെ 'ഫെമിനിച്ചിയെന്ന്" വിളിച്ചപ്പോൾ വീട്ടമ്മയായ അവൾക്ക് അതൊരു അംഗീകാരമായി തോന്നി. 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര വിഭാഗത്തിൽ മത്സരിക്കുന്ന രണ്ട് മലയാള ചിത്രങ്ങളിലൊന്നാണ് 'ഫെമിനിച്ചി ഫാത്തിമ". ഇന്നലെ കൈരളി തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചു. ഫാത്തിമ സൂപ്പറാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞപ്പോൾ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ മുഹമ്മദിന് വർഷങ്ങളുടെ സ്വപ്നം സഫലമായതിൽ അളവറ്റ അഭിമാനം.
ഫാത്തിമ 'ഫെമിനിച്ചി" ആയ കഥ?
ആളുകൾക്ക് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നതിനാലാണ് ചിത്രത്തിന് ഈ പേര് നൽകിയത്. പൊന്നാനിയിലെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അവിടെ പല മനുഷ്യരിലും ഫാത്തിമയെ ഞാൻ കണ്ടു. ഫാത്തിമയ്ക്ക് ഒരു ഘട്ടമെത്തിയപ്പോൾ വീട്ടിൽ പുതിയൊരു കിടക്ക വാങ്ങേണ്ട സാഹചര്യം വരുന്നു. അതവളുടെ സ്വാതന്ത്ര്യത്തിന്റെയും കൂടി പ്രഖ്യാപനമാകുന്നു.
എന്താണ് ഫെമിനിസത്തിന് നൽകുന്ന വ്യാഖ്യാനം?
ഫെമിനിസം എന്ന വാക്കിന്റെ അർത്ഥവും ആഴവും ഞാൻ പൂർണമായി മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. എനിക്ക് ചുറ്റുമുള്ള ആളുകളിൽ ഞാൻ കണ്ട കാര്യങ്ങൾ,ചില സാഹചര്യങ്ങളിൽ സ്ത്രീകൾ സ്വതന്ത്രമായി തീരുമാനങ്ങളെടുത്തെങ്കിൽ എന്ന തോന്നൽ... അസാധാരണത്വം ഒട്ടുമില്ലാത്ത ചെറിയ ലോകത്തിലൂടെയാണ് ഞാൻ ഫെമിനിസത്തെ കാണുന്നത്. സ്ത്രീയായാലും പുരുഷനായാലും സ്വന്തം കാലിൽ നിൽക്കാനാവുന്നതാണ് ഏറ്റവും വലിയ ഫെമിനിസം.
അന്താരാഷ്ട്രവേദി സ്വപ്നം കണ്ടിരുന്നോ?
ഒരു നവാഗതസംവിധായകന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഈ വേദി. അത് സ്വപ്നം കണ്ടിട്ടുണ്ട്.രണ്ടുവർഷം മുൻപ് ഖബർ എന്ന ഹ്രസ്വചിത്രം ചെയ്തു. പഠിക്കുന്ന കാലത്ത് ഷോർട്ട്ഫിലിം ചെയ്തപ്പോഴാണ് സിനിമാക്കമ്പം ഉദിക്കുന്നത്. സ്പോട്ട് എഡിറ്ററായും പ്രവൃത്തിക്കുന്നുണ്ട്.
ഫെമിനിച്ചി വിളികളെ എങ്ങനെ നേരിടണം?
ഫെമിനിച്ചി എന്ന വാക്ക് ചിലർ കളിയാക്കി ഉപയോഗിക്കുന്നു. അതിനെ ഒരു മോശം വാക്കായി കാണേണ്ടതില്ല. സമൂഹത്തിലുയർന്ന ചിന്താഗതിയുള്ള സ്ത്രീകളാണ് ആ വിളി കേൾക്കേണ്ടിവരുന്നത്. എന്നാൽ, ആ ഘട്ടം വരെയെത്താൻ ജീവിതത്തിൽ അവരെന്തെല്ലാം സഹിച്ചെന്ന് മറ്റാർക്കും അറിയില്ലല്ലോ. ആ വിളി പോസിറ്റീവായി എടുത്താൽ മതി.