photo

പാലോട്: ഈറ്റത്തൊഴിലാളികളുടെ ദുരിതത്തിന് മാറ്റമുണ്ടാകുന്നില്ല. അധികൃതരും തിരിഞ്ഞുനോക്കാതായതോടെ പരമ്പരാഗത ഈറ്റത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് പ്രതിസന്ധി.

ഇടിഞ്ഞാറിൽ പ്രവർത്തിച്ചിരുന്ന ബാംബൂ കോർപ്പറേഷൻ ഓഫീസിന്റെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് വർഷമായി. ഈറ്റത്തൊഴിലാളികളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിശാലമായ വിപണന സാദ്ധ്യത ഉറപ്പാക്കുന്നതിനുമായാണ് പത്തു വർഷങ്ങൾക്ക് മുൻപ് ഇടിഞ്ഞാറിൽ ബാംബൂ കോർപ്പറേഷൻ ശാഖ തുടങ്ങുന്നത്. നെടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളിലെ സംഘടിതരല്ലാത്ത ഇരുന്നൂറോളം തൊഴിലാളികൾ ഇവിടെ ജോലിചെയ്തിരുന്നു. ഇവിടെ ഉദ്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കോർപ്പറേഷൻ ശേഖരിച്ച് വില്പന നടത്തുമായിരുന്നു. ഗുണമേന്മയുള്ള ഈറ്റ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ശേഖരിച്ച് ഇടിഞ്ഞാറിൽ എത്തിച്ചാണ് ഉദ്പാദനം നടത്തിയിരുന്നത്.

വട്ടി,കുട്ട,മുറം, വിവിധതരം പായകൾ, കരകൗശല വസ്തുക്കൾ എന്നിവ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിവിധ പരിശീലനപരിപാടികളും നടത്തിയിരുന്നു. ഇന്ന് ഓഫീസിനു മുന്നിലെ ബോർഡ് പോലുമില്ല. ഓഫീസ് കെട്ടിടത്തിന്റെ ഉടമസ്ഥന് മൂന്ന് വർഷത്തെ വാടക കുടിശികയുണ്ട്.

സഹായം ലഭിക്കുന്നില്ല

തൊഴിലാളികൾക്ക് ബാംബൂ കോർപറേഷനിൽ നിന്ന് പെൻഷൻ ഉൾപ്പെടെയുള്ള സഹായവും നിലവിൽ ലഭിക്കുന്നില്ല.കോർപ്പറേഷൻ ഓഫീസ്‌ ഉടൻ തുറക്കും എന്ന പ്രതീക്ഷയിൽ കാത്തിരുന്ന തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്താണ് ജീവിക്കുന്നത്.

പ്രതിസന്ധിയിൽ

തദ്ദേശീയമായി ഈറ്റ ശേഖരിക്കുന്നതിന് അനുവാദമില്ല. അംഗീകാരമുള്ള പരമ്പരാഗത ഈറ്റത്തൊഴിലാളികൾക്ക് വനത്തിനുള്ളിലെ ഈറ്റ വെട്ടാൻ അനുവാദം നൽകണമെന്ന നിബന്ധന ഇപ്പോഴും നിലവിലുണ്ട്. എന്നാൽ ഇടിഞ്ഞാറും ചുറ്റുമുള്ള ഭാഗങ്ങളും കെ.എഫ്.ഡി.സിയുടെ നിയന്ത്രണത്തിലാണ്. വനാതിർത്തിയിലെ ഈറ്റ ശേഖരിക്കാനും സാധിക്കുന്നില്ല. ഈറ്റ കൂടുതലുള്ള പ്രദേശങ്ങളിൽ ആന ഇറങ്ങി നശിപ്പിക്കുകയാണ്.

ആവശ്യം ശക്തം

അംഗീകാരമുള്ള തൊഴിലാളികൾക്ക് വനത്തിൽ പ്രവേശിച്ച് ഈറ്റ വെട്ടാൻ അനുവദിക്കുക, ബാംബൂ കോർപ്പറേഷൻ ശാഖ ഉടൻ പ്രവർത്തിപ്പിക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്.

പ്രാദേശിക മാർക്കറ്റിൽ 200 രൂപ മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്.