
ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുഗ്രഹിച്ച ശിവഗിരി തീർത്ഥാടനം ലോകജനതയ്ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് .ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങി ഓരോരോ മതപ്രസ്ഥാനങ്ങളിലും തീർത്ഥാടനങ്ങളുണ്ട്. മക്കയിലും മദീനയിലും റോമിലും വത്തിക്കാനിലും കാശി , രാമേശ്വരം, ശബരിമല, തിരുപ്പതി എന്നിവിടങ്ങളിൽ ഒക്കെ തീർത്ഥാടനത്തിന് പോകാറുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ രൂപവും ഭാവവും നൽകിയത്.
ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും പീതാംബരം ധരിച്ച്, ബുദ്ധമതത്തിൽ പറയുന്ന പഞ്ചധർമ്മവും പഞ്ചശുദ്ധിയും ശീലിച്ച് സാഹോദര്യ മന്ത്രമോതി ക്രൈസ്തവരുടെ ആണ്ട്പിറപ്പായ ജനുവരി ഒന്നിന് തീർത്ഥാടകർ എത്തണമെന്നാണ് ഗുരുവിന്റെ കല്പന.ശിവഗിരി തീർത്ഥാടനത്തിന് സർവമത സമന്വയത്തിന്റെ രൂപവും ഭാവവുമാണ്. ശിവഗിരിതീർത്ഥാടനം ജാതിമത ചിന്താഗതികൾ ഇല്ലാതെ സർവ്വ ജനതയ്ക്കും വേണ്ടിയുള്ള തീർത്ഥാടനമാണ്. തീർത്ഥാടനത്തിന് ശിവഗിരിയിൽ എത്തുമ്പോൾ ഗുരുദേവൻ ഉണ്ടാകണമെന്ന് ഭക്തജനങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. ഗുരുദേവൻ "എന്നുമോ" എന്ന് ചോദിച്ചു . എന്നും എന്നും എന്ന് ഭക്തർ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു . "കൊളളാം" .. ഇങ്ങനെയല്ലാം ഉത്സാഹിക്കണമെന്ന് ഗുരു പറഞ്ഞനുഗ്രഹിച്ചു . അഞ്ചുപേരിൽ തുടങ്ങിയ തീർത്ഥാടനം ജനലക്ഷങ്ങളായി വർദ്ധിച്ചു. എപ്പോഴും ശിവഗിരിയിൽ ഗുരുദേവന്റെ ദിവ്യസാന്നിദ്ധ്യം ഭക്തജനങ്ങൾ അനുഭവിച്ചറിയുന്നു. ഗുരുദേവൻ എന്നും ശിവഗിരിയിൽ ഉണ്ടാകണമെന്ന ഭക്തജനങ്ങളുടെ ആഗ്രഹം സാധിതമാകുന്നതായാണ് ഭക്തരുടെ അനുഭവം. ശിവഗിരിയിലെത്തി ഭജിച്ച് പ്രാർത്ഥിച്ച് ദർശനം നടത്തി പ്രബോധനങ്ങളിൽ പങ്കാളികളായി മുന്നോട്ടുപോകുന്നവർക്ക് ഭൗതികവും ആത്മീയവുമായ പുരോഗതി ലഭിക്കുന്നു.അറിവ് നേടാൻ സാധിക്കുന്നു. ദുഃഖ ദുരിത രോഗാദികളിൽ നിന്നും വിമുക്തി നേടി ധന്യ ജീവിതം കൈവരിക്കാൻ സാധിക്കുന്നു .ശിവഗിരി തീർത്ഥാടനം കഴിഞ്ഞ 92 വർഷങ്ങളായി ജനങ്ങളിൽ വർദ്ധിച്ച പരിവർത്തനമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്രയേറെ സമ്മേളനങ്ങളും ഇത്രയേറെ ആത്മീയ ആചാര്യന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്മാരും തുടർച്ചയായി പങ്കെടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു സമ്മേളന പരമ്പരയോ ആത്മീയ കേന്ദ്രമോ വേറെ ഒരിടത്തും ഇല്ല . എല്ലാവരെയും ശിവഗിരി തീർത്ഥാടനത്തിലേക്ക് സ്നേഹബുദ്ധ്യാ സ്വാഗതം ചെയ്തുകൊള്ളുന്നു . ഏവരെയും ഗുരുദേവൻ അനുഗ്രഹിക്കട്ടെ ...
( പ്രസിഡന്റ് , ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് )
തയ്യാറാക്കിയത്: സജി നായർ