
വെമ്പായം: ഒരുകാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കന്യാകുളങ്ങര മാർക്കറ്റ് ഇന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ മാലിന്യക്കൂമ്പാരമായ അവസ്ഥയിലാണ്.
മാർക്കറ്റിനുള്ളിൽ മാലിന്യം നിറഞ്ഞതോടെ കച്ചവടക്കാർ ഉള്ളിലേക്ക് പ്രവേശിക്കാതെയായി. പ്രധാന കച്ചവടങ്ങളെല്ലാം ഇപ്പോൾ മാർക്കറ്റിനോടുചേർന്ന് എം.സി റോഡിന്റെ പാതയോരത്താണ് നടത്തുന്നത്.
നടക്കാൻപോലും സ്ഥലമില്ലാത്ത പാതയോരത്ത് കച്ചവടം കൂടിയായതോടെ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. ചന്ത സമയങ്ങളിൽ ഏറെ പാടുപെട്ടാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. കൂടാതെ കന്യാകുളങ്ങര ഗേൾസ്, ബോയ്സ് സ്കൂളുകളിലെയും നെടുവേലി സ്കൂളിലെയും കുട്ടികൾ ഇതുവഴി കാൽനടയായാണ് പോകുന്നത്. റോഡുവക്കിലെ കച്ചവടം കാരണം വിദ്യാർത്ഥികൾ റോഡിലേക്ക് കയറി നടക്കും. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
ഒരേക്കറോളം വരുന്ന മാർക്കറ്റിൽ മത്സ്യ മാർക്കറ്റും പച്ചക്കറി മാർക്കറ്റും വെവ്വേറെയാണുള്ളത്. ഇപ്പോൾ പച്ചക്കറി മാർക്കറ്റ് മാത്രമാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.മീൻ,മരച്ചീനി തുടങ്ങിയ കച്ചവടക്കാരാണ് കച്ചവടം റോഡിലേക്ക് മാറ്റിയത്. മത്സ്യ മാർക്കറ്റിനുള്ളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാലാണ് കച്ചവടം നടത്താത്തതെന്നാണ് കച്ചവടക്കാർ പറയുന്നത്. പ്രദേശത്തെ കടകളിൽ നിന്നുള്ള അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ മാർക്കറ്റിൽ തള്ളുകയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
കാടുകയറി ശൗചാലയവും പൊതുകിണറും
മാർക്കറ്റ് ആരംഭിക്കും മുൻപേ റോഡിനോടു ചേർന്ന് മാർക്കറ്റിനുള്ളിൽ വറ്റാത്തൊരു പഞ്ചായത്ത് കിണർ ഉണ്ടായിരുന്നു. പ്രദേശത്ത് വണ്ടിക്കട നടത്തുന്നവരുൾപ്പെടെയുള്ളവർ ഈ കിണറിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. മാർക്കറ്റിനകം കാടുകയറിയതോടെ മൂടിയില്ലാത്ത പഞ്ചായത്ത് കിണറും കാടിനുള്ളിലായി. ഇഴജന്തുക്കളുടെ താവളമാണ് ഇവിടമിപ്പോൾ.
സാമൂഹ്യവിരുദ്ധരുടെ താവളവും
നേരത്തെ മാണിക്കൽ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷനും കാടുമൂടിയ അവസ്ഥയിലാണ്.
വൃത്തിഹീനമായ കംഫർട്ട് സ്റ്റേഷൻ നേരത്തെതന്നെ സാമൂഹ്യവിരുദ്ധർ താവളമാക്കിയിരുന്നു. ടാപ്പുകളും മറ്റും തകർന്നതോടെ ഇവിടേക്ക് ആരും കയറാതായി. എം.സി റോഡിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കന്യാകുളങ്ങരയിൽ പൊതു ശൗചാലയം വേണമെന്ന ആവശ്യം നിലനിൽക്കുമ്പോഴും നിലവിലെ ശൗചാലയം പരിപാലിക്കാൻ അധികൃതർക്ക് ആവുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.