sivagiri

തിരുവനന്തപുരം: ഗുരുദേവ ദർശനം ഭാരതത്തിന്റെ അതിരും കടന്ന് ലോകരാജ്യങ്ങളിലെങ്ങും നിറയുകയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ ഗുരുദേവ ദർശനത്തെക്കുറിച്ച് മാർപാപ്പ പറഞ്ഞ വാക്കുകൾ അതാണ് വെളിവാക്കുന്നത്. 92 -മത് ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് തുടങ്ങിയ തീർത്ഥാടനകാലത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാനവഹൃദയങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെ തടയാനും മനസിനെ ശുദ്ധീകരിക്കാനുമുള്ള പോംവഴിയാണ് ഗുരുദേവസന്ദേശങ്ങൾ. സാർവ്വലൗകികമായ ദർശനമാണ് ഗുരുവിന്റേത്. അതുകൊണ്ടാണ് ഗുരുദേവന്റെ നാമധേയത്തിൽ സംസ്ഥാനസർക്കാർ ഓപ്പൺ സർവകലാശാല ആരംഭിച്ചത്. ഇക്കാര്യം ചർച്ചചെയ്ത മന്ത്രിസഭയിൽ മുഖ്യമന്ത്രിയാണ് ഗുരുവിന്റെ പേരിൽ സർവകലാശാലയുടെ ആവശ്യകതയെപ്പറ്റി സംസാരിച്ചതെന്നും കടന്നപ്പള്ളി പറഞ്ഞു.

ഗുരുദേവനുമായുള്ള തന്റെ സന്ദർശനം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായിരുന്നുവെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനത്തിനും ചരിത്രപ്രാധാന്യം കൈവന്നിരിക്കുകയാണ്. 92 വർഷങ്ങൾക്കു മുൻപ് അഞ്ചുപേർ ചേർന്ന് ആരംഭിച്ച തീർത്ഥാടനം ഇപ്പോൾ 50 ലക്ഷത്തിലധികം പേർ എത്തിച്ചേരുന്ന മഹാതീർത്ഥാടനമായി മാറി. ജാതിമത ദേദമില്ലാതെയാണ് ജനങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മാനന്ദ, ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, മുനിസിപ്പൽ കൗൺസിലർമാരായ രാഖി, എസ്.സതീശൻ എന്നിവർ സംസാരിച്ചു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും തീത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറഞ്ഞു.