വിതുര: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യത മുൻനിറുത്തി ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം രണ്ട് ദിവസമായി അടച്ചിട്ടിരുന്ന പൊന്മുടി ഇന്നലെ രാവിലെ വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കല്ലാർ, മീന്മുട്ടി വെള്ളച്ചാട്ടം, മങ്കയം ടൂറിസം കേന്ദ്രങ്ങളും തുറന്നു. മഴയെത്തുടർന്ന് ഈ വർഷം പന്ത്രണ്ട് തവണയാണ് പൊൻമുടി അടച്ചത്. വനമേഖലയിൽ കനത്ത മഴപെയ്തു. പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും ഇന്നലെ സഞ്ചാരികളുടെ വരവിന് യാതൊരു കുറവുമില്ലായിരുന്നു. മഴയെ അവഗണിച്ച് ആയിരങ്ങളാണ് പൊൻമുടി, ബോണക്കാട്. കല്ലാർ, പേപ്പാറ മേഖലകളിലെത്തിയത്. പൊൻമുടി അടച്ചിട്ടിരുന്നപ്പോഴും സന്ദർശനാനുമതി ചോദിച്ച് നിരവധിപേർ കല്ലാർ ചെക്ക്പോസ്റ്റിലെത്തിയിരുന്നു. വനപാലകർ ഇവരെ മടക്കിഅയക്കുകയായിരുന്നു. അതേസമയം പൊൻമുടി സന്ദർശിക്കാൻ ഇരുചക്രവാഹനങ്ങളിലെത്തുന്ന യുവാക്കൾ അപകടങ്ങൾ വിളിച്ചുവരുത്തുന്നുമുണ്ട്. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രതപാലിക്കണം.
യാത്രാക്ലേശവും
പൊൻമുടി റൂട്ടിൽ യാത്രാക്ലേശം വർദ്ധിച്ചുവരികയാണ്. അവധിദിവസങ്ങളിലാണ് യാത്രാദുരിതം ഇരട്ടിക്കുന്നത്.നെടുമങ്ങാട്, വിതുര ഡിപ്പോകളിൽനിന്നും നാമമാത്രമായ സർവീസുകളാണ് പൊൻമുടിയിലേക്കുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവീസുകളാരംഭിക്കുമെന്ന വാഗ്ദാനം പേപ്പറിലൊതുങ്ങി. വിശേഷദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പൊൻമുടിയിലേക്ക് സ്പെഷ്യൽസർവീസുകൾ അയക്കുന്നുണ്ട്. ആര്യനാട്, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല,കിളിമാനൂർ ഡിപ്പോകളിൽനിന്നും കൂടുതൽ സർവീസ് ആരംഭിക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.