crime

തിരുവനന്തപുരം: അടുത്തിടെയുണ്ടായ ഗുണ്ടാ വിളയാട്ടത്തിൽ പൊലീസ് പരിശോധന കടുപ്പിച്ചപ്പോൾ അടങ്ങിയ ഗുണ്ടാസംഘങ്ങൾ വീണ്ടും തലപൊക്കുന്നു.കഴിഞ്ഞ ദിവസം ഈഞ്ചയ്ക്കലിലെ ഡാൻസ് ബാറിൽ ഓംപ്രകാശും സംഘവും സാജനെന്ന മറ്രൊരു ഗുണ്ടാത്തലവന്റെ ആഘോഷ പാർട്ടിയിൽ സംഘർഷമുണ്ടാക്കി. ഇതുകൂടാതെ കഴക്കൂട്ടം കഠിനംകുളത്തും ഗുണ്ടാനേതാവായ ഗുണ്ടാ കമ്രാൻ വളർത്തുനായയെ കൊണ്ട് വീട്ടിൽക്കയറി ഉടമസ്ഥനെ കടിപ്പിക്കുകയും വീട്ടിൽ പെട്രോൾ ബോംബെറിയുകയും ചെയ്തിരുന്നു.ഒരിടവേളയ്ക്കു ശേഷമാണ് പഴയ ഗുണ്ടാത്തലവനായ ഓംപ്രകാശ് നഗരത്തിൽ തലപൊക്കുന്നത്. റിയൽഎസ്റ്റേറ്റ്, മണ്ണ്, കരിങ്കൽ ക്വാറി, മാഫിയ പ്രവർത്തനങ്ങളിലൂടെ വൻതോതിൽ പണം നേടുന്നതിനാണീ പരസ്പരസംഘ‌ർഷം. പാറ്റൂരിൽ നിധിൻ എന്ന യുവാവിനെ വെട്ടിയ കേസിലാണ് അവസാനമായി ഗോവയിൽ നിന്ന് ഓംപ്രകാശ് അറസ്റ്റിലാകുന്നത്.10 ലക്ഷം രൂപയുടെ ഇടപാടിൽ പണം നൽകിയആൾക്കു വേണ്ടിയും വാങ്ങിയ ആൾക്കു വേണ്ടിയും ഇരുസംഘങ്ങളും ഏറ്റുമുട്ടിയതാണ് അക്രമത്തിൽ കലാശിച്ചത്. റിയൽഎസ്റ്റേറ്റ് രംഗത്തെ ഉണർവാണ് ഗുണ്ടാസംഘങ്ങളെ സജീവമാക്കുന്നത്. വസ്തുക്കൾ വാങ്ങുന്നതിനും മണ്ണിടിക്കുന്നതിനും ഗുണ്ടാ സംഘങ്ങളുടെ അനുമതി ആവശ്യമാണ്. ഇടപാടുകളിലെല്ലാം ഇവർക്ക് പണം നൽകണം. അന്തിയൂർക്കോണം അജി, മൊട്ട അനി, പാറശ്ശാല ബിനു, ജെറ്റ് സന്തോഷ്, വിഭു തുടങ്ങി നിരവധി ഗുണ്ടകളാണ് നേരത്തേ ഗുണ്ടാപോരാട്ടത്തിൽ മരിച്ചത്.

റെയ്ഡിൽ 151 കേസുകൾ

നഗരത്തിലെ ഗുണ്ടാവിളയാട്ടവും ലഹരിക്കേസും വർദ്ധിച്ച സാഹചര്യത്തിൽ സിറ്റി പൊലീസിന്റെ റെയ്ഡിൽ 151 കേസുകൾ രജിസ്റ്റർ ചെയ്തു.ഓംപ്രകാശിന്റെയും സാജന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. വിവിധ കേസുകളിൽ ജാമ്യത്തിലുള്ള 364 ക്രിമിനൽ കേസിലെ പ്രതികളെയും പരിശോധിച്ചു. കാപ്പ,റൗഡി ലിസ്റ്റിലുള്ള പ്രതികളെയും പ്രത്യേകം പരിശോധന നടത്തി.പരിശോധനയിൽ ലഹരിമരുന്ന് കൈവശം വച്ച 62 കേസുകളും 89 വ്യാജമദ്യം,അനധികൃത മദ്യവില്പന,കൈവശം വയ്ക്കൽ എന്നീ കേസുകളും രജിസ്റ്റർ ചെയ്തു. 250ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി.

34 കാപ്പ കേസ് പ്രതികൾ

നഗരത്തിൽ 34 പേർക്കാണ് ഇതുവരെ കാപ്പ ചുമത്തിയിരിക്കുന്നത്.നഗരത്തിൽ 20 പേർക്കുകൂടി പുതിയ കാപ്പ അപേക്ഷ നൽകും. മൂന്ന് കാപ്പ അപേക്ഷ ജില്ലാ കളക്ടറുടെ മുന്നിലുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല.

പൊലീസിനെ ആക്രമിച്ച പ്രതികൾ ഒളിവിൽത്തന്നെ

കരമനയിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ 21 ദിവസമായി ഒളിവിൽത്തന്നെ. തളിയിൽ സ്വദേശികളായ വിഷ്ണുരാജ്, വിജയരാജ് എന്നിവരാണ് ഒളിവിലുള്ളത്.പലഭാഗങ്ങളിലായി അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.2019ൽ കരമനയിൽ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് വിഷ്ണുരാജും വിജയരാജും. ഇവരുടെ സഹോദരൻ വിനീഷ് രാജ് മരുതൂർകടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലിനെ(26) നടുറോഡിൽ അടിച്ചുകൊന്ന കേസിലെ പ്രതിയാണ്.നിരവധി കേസുകളിൽ പ്രതിയായ വിഷ്ണുരാജിനെതിരെ കാപ്പ ചുമത്താനുള്ള അപേക്ഷയുമുണ്ട്.