36

ഉദിയൻകുളങ്ങര:പാറശ്ശാല പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ പൊന്നംകുളം ശോചനീയാവസ്ഥയിലായിട്ട് വർഷങ്ങൾ ഏറെയായി. രാഷ്ട്രീയ പകപോക്കലും പഴിചാരലും പൊന്നംകുളത്തെ പാഴ്‌ക്കുളമാക്കി മാറ്റിയിരിക്കുകയാണ്. ഒരുകാലത്ത് പാറശ്ശാല പരശുവയ്ക്കൽ മേഖലകൾ കൃഷിക്ക് ആശ്രയിച്ചിരുന്നത് ഈ കുളത്തെയാണ്. പരാതിയുമായി സമീപിക്കുമ്പോൾ ഒരു വാർഡിന്റെ ഫണ്ട് കൊണ്ടുമാത്രം കുളത്തെ നവീകരിക്കാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. ജില്ലാപഞ്ചായത്തോ, എം.എൽ.എയുടെ പ്രാദേശിക ഫണ്ടോ ലഭിക്കുകയാണെങ്കിൽ കുളംനവീകരണം നടത്താനാകുമെന്ന് പാറശ്ശാല പഞ്ചായത്ത് വാർഡ് മെമ്പർ അടക്കമുള്ളവർ പറഞ്ഞു.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പാറശ്ശാല പഞ്ചായത്ത് കുളം നന്നാക്കാൻ ഫണ്ട് കണ്ടെത്താൻ തയ്യാറായെങ്കിലും ആ തുക കൊണ്ട് കുളത്തിലെ ചോർച്ച മാത്രമേ അടയ്ക്കാൻ കഴിയുകയുള്ളൂ എന്ന സ്ഥിതിയാണ്. ഉടനടി കുളം ഉപയോഗപ്രദമാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.

മാലിന്യം കെട്ടിക്കിടക്കുന്നു

പരശുവയ്ക്കൽ,ആടുമങ്ങാട്,ഇടിച്ചക്കപ്ലാമൂട്,കൊറ്റാമം,പുതുക്കുളം എന്നിവിടങ്ങളിലെ ആളുകൾ ആശ്രയിച്ചിരുന്ന ഉറവയാണിപ്പോൾ ശോചനീയാവസ്ഥയിൽ കിടക്കുന്നത്. മാലിന്യങ്ങളും പ്ലാസ്റ്റിക് കൂനകളും കൊണ്ട് കുളം നശിച്ച അവസ്ഥയിലാണ്. കൃഷിക്കാവശ്യമായ വെളളവും ലഭ്യമല്ല. ഇതുമൂലം സമീപപ്രദേശങ്ങളിലെ നെൽ,കപ്പ,വാഴ കൃഷി എന്നിവ കർഷകർ ഉപേക്ഷിച്ചു.

ഇഴജന്തുക്കളുടെ ശല്യവും
കുളം കാടുമൂടിയതിനാൽ സമീപപ്രദേശത്തെ വീടുകളിലും കടകമ്പോളങ്ങളിലും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രികാലത്ത് കുളവരമ്പത്ത് വേണ്ടത്ര സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതിനാൽ ഇഴജന്തുക്കളെ ഭയന്ന് പലരും ഇതുവഴി സഞ്ചരിക്കാറില്ല. പൊന്നാംകുളം മുതൽ പുതുക്കുളം വരെയുള്ള രണ്ടര കിലോമീറ്റർ പരിസരമിപ്പോൾ തരിശുഭൂമിയായി മാറി.