swami-asanganandagiri

ഒരു പ്രവാഹത്തിന്റെ തുടർച്ചയാണ് 1928-ൽ നാഗമ്പടം ക്ഷേത്രത്തിൽ വച്ച് ഗുരുകൽപ്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം. തീർത്ഥയാത്രയ്ക്ക് അനുമതി ചോദിച്ച ഭക്തർക്ക് ഈശ്വരപുരുഷനായ മഹാഗുരുവിന്റെ സാന്നിദ്ധ്യവും അനുഗ്രഹവും മാത്രമായിരുന്നു ഏക ലക്ഷ്യം. പക്ഷേ ഗുരു ഒരു ധർമ്മമേഘം പോലെ സമൂഹനന്മയ്ക്ക് വേണ്ടുന്ന അഷ്ടലക്ഷ്യങ്ങളെ ചൊരിയുകയായിരുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നിങ്ങനെ സമൂഹത്തിന്റെ നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടുന്നതെല്ലാം ക്രമബന്ധമായി ഒരു ഭരണാധികാരിയോ ശാസ്ത്ര സാമൂഹിക വിചക്ഷണനോ ആവിഷ്കരിക്കാത്ത വിധം സമഗ്രവും ഭദ്രവുമായി വിവിധ തലങ്ങളിലേക്കുള്ള അറിവിന്റെ സമന്വയം ഗുരു സാധിച്ചെടുത്തു. ഒരു ആത്മീയ കേന്ദ്രത്തിൽ നിന്നും മനുഷ്യ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്പർശിക്കുന്ന ജീവിതഗന്ധിയായ ഈ വിഷയങ്ങളെക്കുറി​​ച്ച് ശരിയായ അവബോധം ധാർമികമായി പകർന്നു നൽകി സമൂഹത്തെ സർവതോമുഖമായ വളർച്ചയിലേക്ക് നയിക്കണം എന്ന ഗുരുകല്പന നിറവേറ്റാൻ ജനങ്ങളും രാജ്യവും ഗവൺമെന്റും മാദ്ധ്യമങ്ങളും തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്. തീർത്ഥയാത്രകൾ നടത്തി കൈയിൽ നിന്നും പണം ചെലവാക്കി വളരെ സമയം ചെലവഴിച്ച് മനുഷ്യൻ ക്യൂ നിന്ന് ദൈവത്തെ കാണുന്ന തീർത്ഥാടനങ്ങൾ നിലനിൽക്കുമ്പോൾ മനുഷ്യന് വേണ്ടുന്ന സമഗ്രമായ അറിവ് പകർന്ന് അവരിലെ ആത്മബോധത്തെ ഉണർത്തി അവർക്കു വേണ്ടുന്ന അറിവ് പകരുന്ന തീർത്ഥാടനമായി ശിവഗിരി തീർത്ഥാടനം നില കൊള്ളുകയാണ്. അതുകൊണ്ടാണ് ശിവഗിരി തീർത്ഥാടനം അറിവിന്റെ തീർത്ഥാടനം എന്ന് വിഖ്യാതമായത്.ഭാരതത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലയിൽ ശിവഗിരി തീർത്ഥാടനവും വിജ്ഞാന പ്രദമായ സമ്മേളനങ്ങളും ചർച്ചചെയ്യേണ്ട കാലം അതിക്രമിച്ചു.ഇവിടെ നിന്നും ഉയരുന്ന അറിവിന്റെ സന്ദേശം ചർച്ചചെയ്യപ്പെടുമ്പോഴും വിലയിരുത്തപ്പെടുമ്പോഴുമാണ് ഗുരുദേവൻ മുന്നോട്ടു വച്ച ആശയങ്ങൾ പ്രഫുല്ലമാകുന്നത് . ശിവഗിരിയിലെ സന്ദേശങ്ങളുടെ സാരാംശം ജനമനസ്സുകളിലേക്ക് എത്തിക്കുകയും സമൂഹനന്മയ്ക്കു വേണ്ടി പരമാവധി പരിശ്രമിക്കുകയും ചെയ്താൽ ശിവഗിരി തീർത്ഥാടനത്തിന്റെ ഗുണഫലം സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് വഴിതെളിക്കും

(തയ്യാറാക്കിയത്: സജി നായർ )