kp-appan

ആഗ്നേയ നമഃ- 2008 ഡിസംബർ 16- ലെ 'കേരളകൗമുദി"യുടെ തലക്കെട്ടാണ് ഇത്! അഗ്നിമന്ത്രം കൊണ്ടാണ് കെ.പി. അപ്പന്റെ മരണം അന്ന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തത്. തീനാളമായി നിന്ന ഒരെഴുത്തുകാരന് കൊടുത്ത അവസാനത്തെ ആദരം. രണ്ടു കൈകൊണ്ടും അമ്പെയ്‌തിരുന്ന കെ. ബാലകൃഷ്ണന്റെ 'കൗമുദി"യിൽ തുടങ്ങിയ രോഷം. 1960- കളിൽ ക്ഷോഭിച്ചിറങ്ങിയ യുവാവായിരുന്നു കെ.പി. അപ്പൻ. വിമർശന രംഗത്തുടനീളം കണ്ടിരുന്ന മാമൂലുകളും താൻപോരിമയും പണ്ഡിതഭാവവും തെറ്റായ വിലയിരുത്തലുകളും അപ്പനെ അസ്വസ്ഥമാക്കി. ഇനി ഇവിടെ പുതിയ ചിന്തയും ശൈലിയും വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് 1973-ൽ 'സുവിശേഷം" എന്ന ഗ്രന്ഥം പുറത്തിറങ്ങി.

അതോടെ, മറ്റൊരു മലയാളം പിറന്നു. ആധുനികത ശക്തമായിക്കഴിഞ്ഞിരുന്ന അക്കാലത്ത് നിലവിലിരുന്ന വിമർശധാരണകളെയും മൂല്യനിർണയത്തിലെ പരിമിതികളെയും മുഷിഞ്ഞ ഭാഷയെയും ഈ ഗ്രന്ഥം തിരസ്കരിച്ചു. പരമപ്രധാനം, ഇതിലെ ഭാഷയുടെ ശൈലിയാണ്. അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല. രണ്ട് പദങ്ങൾ ചേരുമ്പോൾ പുതിയൊരു നക്ഷത്രമുണ്ടാകുന്നു എന്നറിയിച്ചതാണ് ആ ശൈലി. അതിനു മുമ്പ് സി.ജെ. തോമസിന്റെ ചോരക്കൊഴുപ്പിന്റെ ശൈലിയിൽ ഈ പരാഗം പുരണ്ടിരുന്നതായി കാണാം.

ആധുനികതയുടെ ആഴം മലയാളിയെ അളന്നു കാണിച്ചത് അപ്പൻ സാറാണ്. ആ സാന്ദ്രതയിലാണ് ഞങ്ങളുടെ തലമുറ സാഹിത്യം പഠിച്ചത്. ക്ളാസ് മുറികൾ ശാന്തസ്ഥായിയിൽ ആലാപനംപോലെ നിറഞ്ഞു. സാഹിത്യവും സംഗീതവും നാടകവും ശില്പകലയും ചിത്രകലയുമെല്ലാം കീഴ്മേൽ ഭേദമില്ലാതെ സാന്ദ്രമായി ഒഴുകി. എൺപത് കുട്ടികളുള്ള സെക്കൻഡ് ലാംഗ്വേജ് ക്ളാസുകൾ പോലും നിബിഡവും നിശബ്ദവുമായിരുന്നു. വിരൽത്തുമ്പ് വരെയെത്തുന്ന അംഗഭാഷയും സ്വരസംക്രമവും ക്ളാസിൽ പുതിയൊരു താളബോധം തന്നെ സൃഷ്ടിച്ചു. ആനിമേഷൻ പോലെയായിരുന്നു ഓരോ ക്ളാസും. അപ്പൻ സാറിന്റെ ക്ളാസിൽ ഇരുന്നവരെന്ന ധന്യതയിൽ ഞങ്ങൾ അഭിരമിച്ചു. ആ ക്ളാസുകൾ റെക്കോഡ് ചെയ്തിരുന്നെങ്കിൽ എന്ന് ഇന്ന് ആശിച്ചുപോകുന്നു.

2008 ഡിസംബർ 14 രാത്രിയിലും കായംകുളം മെഡിക്കൽ ട്രസ്റ്റിൽ പാലിയേറ്റീവ് ചികിത്സ തുടരുകയായിരുന്നു. അവസാന രാത്രി. ക്ഷീണിച്ച മുഖം ഞാൻ നോക്കിനിന്നു. ഒരു തലമുറയെ തന്റെ പേനയുടെ സമരമുഖംകൊണ്ട് ഉണർത്തിയെടുത്ത നാവിന്റെയും വിരലിന്റെയും വിലയം കണ്ടുനിന്നു. പൊടുന്നനെ സുകുമാർ അഴീക്കോടിന്റെ ഫോൺ; സാറിന്റെ മകൻ രജിത്തിന്. ഒരു ഹോമിയോ മരുന്നിന്റെ പേര് പറഞ്ഞുകൊടുത്തു, വാങ്ങിക്കൊടുക്കാൻ. രജിത്ത് എന്നോടു പറഞ്ഞു. എനിക്ക് താത്പര്യം തോന്നിയില്ല. എങ്കിലും അദ്ദേഹത്തിന്റെ ആശങ്കയും ജാഗ്രതയും ഞാനുൾക്കൊണ്ടു. അഴീക്കോടിന്റെ അവസാനത്തെ ആദരവ്.

15ന് രാവിലെ മരിച്ചു. ഞാൻ രജിത്തിനെ വിളിച്ച് തിരക്കി. ''സാറേ, ഞാനിങ്ങ് വീട്ടിലെത്തി. അച്ഛനിപ്പോൾ വരും.""

'കൊണ്ടുവരും" എന്നു പറയാൻ രജിത്തിന് കഴിഞ്ഞില്ല. അന്ത്യശയ്യ ഒരുക്കുകയായിരുന്നു മകൻ. 'അശ്വതി"യിലേക്കുള്ള ഇടിഞ്ഞുകിടന്നിരുന്ന റോഡ് (ഇന്നത്തെ കെ.പി. അപ്പൻ റോഡ്) പി.ഡബ്ല്യു.ഡി സംഘം തിടുക്കത്തിൽ ശരിയാക്കുന്നു. പ്രദേശവാസികൾ അമ്പരന്നു. മുഖ്യമന്ത്രി വരുന്നു. അതുകൊണ്ടാണീ റോഡുപണി?​ അവർ ആശ്ചര്യപ്പെട്ടു. എന്നും ഇതിലേ നടന്നുനീങ്ങുന്ന ആ നീണ്ട മനുഷ്യൻ ഇത്ര വലിയ ആളായിരുന്നോ? അസാധാരണമായി ചിന്തിക്കുന്ന ആരും ജനകീയനാവില്ല. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രിമാരും അദ്ധ്യാപകരും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും ജാനുവും രാവുംപകലും ഞങ്ങൾ ശിഷ്യർ ഒന്നടങ്കവും...

16ന് രാവിലെ കൊല്ലം എസ്.എൻ കോളേജിൽ പൊതുദർശനം. പിന്നെ അന്ത്യയാത്ര. ഉച്ചയോടെ കൊല്ലം പോളയത്തോട് ശ്മശാനത്തിലേക്ക്. എം. മുകുന്ദൻ ഉൾപ്പെടെ എഴുത്തുകാരും ആരാധകരും പിന്നാലെ. സാറിനെ കിടത്തിയ തട്ട് ശ്മശാനത്തിലെ ജീവനക്കാരൻ ചൂളയിലേക്ക് ആദരവോടെ തള്ളിനീക്കി. ജ്വാല ജ്വാലയോട് (ഇണങ്ങി. ആൾക്കാർ ഇറങ്ങിതുടങ്ങി. ഒറ്റയ്ക്കു നിന്ന എന്നെ ആത്മമിത്രം ജലീൽ വിളിച്ച് കാറിൽ കയറ്റി. അപ്പൻ സാറിന്റെ ഉറ്റസുഹൃത്തായിരുന്നു വ്യവസായി ആയിരുന്ന ജലീൽ.

കാർ നീങ്ങി. റൂട്ട് വേറെയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചു: 'എങ്ങോട്ടാ?​"

'പൊന്മുടിയിലേക്ക്. "

ഞാൻ അസ്വസ്ഥനായി: 'പൊന്മുടിയോ?​ ഇന്നോ! വേണ്ട; വണ്ടി തിരിച്ചുവിടൂ... " പരിഗണിക്കാതെ വണ്ടി നീങ്ങി. വൈകിട്ട് പൊന്മുടിയെത്തി. പൊന്മുടിയും താഴ്‌വാരവും കോടമഞ്ഞ് മൂടിയിരുന്നു. സുഹൃത്ത് എന്നെ പിടിച്ചുകയറ്റി. പാറക്കുന്നിൽ ഞാൻ ദൂരേയ്ക്കു നോക്കിനിന്നു. മേഘംപോലെ ഉയരുന്ന പുക എല്ലാ കാഴ്ചകളെയും മറച്ചിരുന്നു.