
ശ്രീകാര്യം: കേരളകൗമുദി കരിയം ഏജന്റും ശ്രീകാര്യം കരിയം, കല്ലുവിള തങ്കം നിവാസിൽ കരിയം രാജന് (61) തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു. ഇടതുകാലിൽ നായയുടെ കടിയേറ്റതിനെ തുടർന്ന് പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക ചികിത്സക്കു ശേഷം രാജൻ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 6.30ന് ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ശ്രീകാര്യത്തു നിന്ന് പത്രവിതരണത്തിനായി ചെറുവയ്ക്കൽ ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കവെ തെരുവുനായ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് പരിസരത്തായി കാണാറുള്ള നായയാണ് ആക്രമിച്ചത്. രണ്ടാം തവണയാണ് ഈ നായ രാജനെ ആക്രമിക്കുന്നത്. സ്റ്റേഷന് മുന്നിലൂടെ ഈ നായയെ ഭയന്നാണ് കാൽനടയാത്രക്കാരുൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്. നിരവധി യാത്രക്കാർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. കുരയ്ക്കാതെ ബൈക്കിന്റെ പിന്നാലെ പാഞ്ഞുവരുന്ന നായ ബൈക്ക് യാത്രക്കാരുടെ കാലിൽ കടിക്കുന്നത് പതിവാണ്. പരിക്കേറ്റവർ സ്റ്റേഷൻ ഉദ്യോഗസ്ഥരാേട് പരാതിപ്പെട്ടപ്പോൾ, ഞങ്ങൾ വളർത്തുന്ന നായ അല്ലെന്നും സ്ഥിരമായി ഇവിടെ വന്ന് കിടക്കുന്നതാണെന്നും പറഞ്ഞ് കൈമലർത്തിയെന്ന് നാട്ടുകാർ പറയുന്നു. ജീവനക്കാർ സ്ഥിരമായി ഭക്ഷണം നൽകുന്നതു കൊണ്ടാണ് നായ സ്റ്റേഷനിൽത്തന്നെ കിടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഏജന്റിന് പരിക്കേറ്റതിനെ തുടർന്ന് പത്രവിതരണം ഇന്നലെ തടസപ്പെട്ടു.