
തിരുവനന്തപുരം: ജോർജ് ഫെർണാണ്ടസിന് കടലാസല്ല, തടിക്കഷ്ണങ്ങളാണ് ക്യാൻവാസ്. പെയിന്റും പെൻസിലുമല്ല, അഗ്നിയാണ് വരയ്ക്കാനുള്ള ഉപാധി. ചിത്രകലയിൽ അധികമാരും പരീക്ഷിക്കാത്ത പൈറോഗ്രഫി ആർട്ടിലൂടെ ശ്രദ്ധനേടുകയാണ് ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ജോർജ്. വർഷങ്ങളെടുത്ത് ജോർജ് പൂർത്തിയാക്കിയ 30 പൈറോ ആർട് ചിത്രങ്ങളുടെ പ്രദർശനം നാളെ(17) ഊറ്റുകുഴി ജംഗ്ഷനിലുള്ള ഫ്ലോറാ ആർട് ഇൻസ്റ്രിറ്റ്യൂട്ടിൽ ആരംഭിക്കും.
ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ഉപകരണമാണ് ഡിസൈൻ വരയ്ക്കാൻ ഉപയോഗിക്കുന്നത്. പേന പോലിരിക്കുന്ന ഉപകരണത്തിൽ നിന്ന് വരുന്ന തീയുടെ ചൂടുകൊണ്ട് രൂപരേഖ തയാറാക്കും. ചെറിയൊരു തെറ്റുവന്നാൽ പോലും തിരുത്താൻ കഴിയില്ല. അതിനാൽ വരയ്ക്കുമ്പോൾ അതീവ ശ്രദ്ധവേണം. പൈൻ,ഫിർ തുടങ്ങിയ മൃദുവായ തടികളും മേപ്പിൾ,ചെറി,വാൾനട്ട് മരങ്ങളുടെ ഉറപ്പുകൂടിയ തടികളുമാണ് ഉപയോഗിക്കുന്നത്. ഫ്രാൻസ്,ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ തടികളും വാങ്ങുന്നത്. ചിലത് ചാലയിൽ നിന്നുമെടുക്കും. ബംഗളൂരുവിൽ കണക്ക് അദ്ധ്യാപകനായിരുന്ന ജോർജ് 1989ലാണ് നാട്ടിലെത്തി ചിത്രകലയിലേക്ക് തിരിയുന്നത്. ആ വർഷം തന്നെ ഫ്ലോറ ആർട് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ഇവിടെത്തന്നെയാണ് ജോർജ് താമസിക്കുന്നതും. കേരളത്തിലും പുറത്തുമായി ഏഴ് കലാപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ പാരിഷ് പ്രീസ്റ്റ് വിൽഫ്രെഡ് എമിലിയാസ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. 31 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രദർശനം തുടരും. പ്രവേശനം സൗജന്യം.
അത്ര എളുപ്പമല്ലാട്ടോ
ബന്ധുവും ചിത്രകാരനുമായിരുന്ന റൂഫസ് നെറ്റാറാണ് പൈറോ ആർട് ജോർജിന് പരിചയപ്പെടുത്തുന്നത്.
ബൈബിൾ കഥകളാണ് കൂടുതൽ ചിത്രങ്ങളുടെയും പ്രമേയം. ഒരു ചിത്രം പൂർത്തിയാക്കാൻ ചുരുങ്ങിയത് മൂന്നുമാസമെടുക്കും. 'ലാസ്റ്റ് സപ്പർ' പ്രമേയമാക്കിയ ചിത്രം പൂർത്തിയാക്കാൻ ആറുമാസമെടുത്തു. പ്രകൃതിയും മനുഷ്യനും പ്രമേയമായ ചിത്രങ്ങളുമുണ്ട്.