gg

ഐ.എഫ്.എഫ്.കെയിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ആളാണ് ശോഭന പടിഞ്ഞാറ്റിൽ. 25 വയസുമുതൽ മനസിൽ സിനിമയുണ്ട്. അമ്പതായപ്പോൾ സിനിമ യാഥാർത്ഥ്യമായി 'ഗേൾഫ്രണ്ട്സ്'. ചലച്ചിത്രോത്സവത്തിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ എൻട്രി കിട്ടിയ സിനിമയുടെ പ്രമേയം ‌ഡെലിഗേറ്റുകൾക്കിടയിൽ ചർച്ചയാകുമ്പോൾ ശോഭനയ്ക്ക് സന്തോഷം. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിലെ ചീഫ് ലൈബ്രറേറിയനായ ശോഭന പി.എഫിൽ നിന്നെടുത്ത സമ്പാദ്യം കൊണ്ടാണ് സിനിമ നിർമ്മിച്ചത്. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ ആരുടെയും സഹസംവിധായികയായി പ്രവർത്തിക്കാതെ സൃഷ്ടിച്ച സിനിമ.ട്രാൻസ് ജെൻഡർ റോസ അടക്കം അഞ്ച് പെൺസുഹൃത്തുക്കളുടെ സൗഹൃദമാണ് ഗേൾ ഫ്രണ്ട്സ് പറയുന്നത്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും സ്വതന്ത്രമായ കാഴ്ചപ്പാടുകളും... എല്ലാറ്റിലുമുപരി സ്ത്രീകളുടെ ഉൾത്തുടിപ്പുകൾ പച്ചയായി ആവിഷ്കരിക്കുന്നു. പുതിയൊരു കാലഘട്ടത്തിലെ രാഷ്ട്രീയവും കടന്നുവരുന്നു. പരമ്പരാഗത ലിംഗവേഷങ്ങൾ ആധിപത്യം പുലർത്തുന്ന സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ വെല്ലുവിളികളിലേക്കും സങ്കീർണതകളിലേക്കും സിനിമ കടന്നുപോകുന്നു.

ശോഭനയുമായുള്ള സംഭാഷണത്തിൽ നിന്നും:

സ്ത്രീകളുടെ രാഷ്ട്രീയം

സ്ത്രീകളുടെ രാഷ്ട്രീയമാണ് ഗേൾഫ്രണ്ട്സ് പറയുന്നത്. നേരത്തെ തീരുമാനിച്ചതാണത്. ഞാനിനി എന്തുചെയ്താലും ഈ രാഷ്ട്രീയമായിരിക്കും പറയുക. കഥയിൽ പ്രേമമുണ്ടെങ്കിലും സിനിമയ്ക്ക് രാഷ്ട്രീയമുണ്ട്.സ്വന്തം ആഗ്രഹങ്ങൾ, ജെൻഡർ, സെക്ഷ്വൽ ഓറിയന്റേഷൻ തുടങ്ങി സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന പലവിഷയങ്ങളിലും കൃത്യമായ ധാരണയുള്ള പെൺകുട്ടികളുടെ ജീവിതം കൂടിയാണിത്. ട്രാൻസ്ജെൻ‌ഡറിനെ അവതരിപ്പിച്ചത് മെസേജുകൾ കൊടുക്കാനല്ല. സമകാലിക സമൂഹത്തിന്റെ ഭാഗമാണവർ.

ലാഭം ലക്ഷ്യമല്ല

പി.എഫിൽ നിന്നെടുത്ത തുക മുതലാക്കാമെന്ന ലക്ഷ്യത്തിലല്ല സിനിമയെടുത്തത്. എങ്ങനെ മുതലാകാനാണ്? മേളകൾക്കയച്ച് പണം തിരിച്ചുപിടിക്കൽ ലക്ഷ്യമല്ല. സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോഴാണ് സിനിമയെടുത്തത്. കൊവിഡ് സമയത്തായിരുന്നു ഗേൾ ഫ്രണ്ട്സിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ജോലിയുടെ ഇടയിലായിരുന്നു ഷൂട്ടിംഗ്. തിരുവനന്തപുരമായിരുന്നു ലൊക്കേഷൻ. അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരുടെയുമെല്ലാം ആദ്യ സിനിമ കൂടിയാണിത്.

ഷോർട്ട് ഫിലിം വലിയ സിനിമയായി

പത്ത് മിനിട്ടുള്ള ഷോർട്ട് ഫിലിമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടത് വലിയ സിനിമയായി. ലൈബ്രേറിയൻ ജോലി എന്നെ സംവിധാനത്തിന് സഹായിച്ചു. ഞാനിപ്പോൾ ചീഫ് ലൈബ്രേറിയനാണല്ലോ. പലരെക്കൊണ്ടും പല പ്രൊജക്ടുകളും ഏൽപ്പിക്കുന്ന കോഓ‌ർഡിനേറ്ററുടെ ജോലി കൂടി ചെയ്യേണ്ടി വരും. അതുപോലെയാണ് സിനിമ. പലകാര്യങ്ങളും പലരെ ഏൽപ്പിച്ച് കോഓർഡിനേറ്റ് ചെയ്യൽകൂടിയാണ് സംവിധാനം.