തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ ലക്ഷദ്വീപ് വിദ്യാർത്ഥിയായ ഫയാസ് ഖാനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പട്ടികജാതി വിഭാഗ വകുപ്പും കൂടി ചുമത്തും.ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനും മർദ്ദിച്ചതിനുമാണ് ഈ വകുപ്പും കൂടി ചുമത്തുന്നത്. അതേസമയം എസ്.എഫ്.ഐയുടെ മെമ്പർഷിപ്പിലുള്ള ആകാശ്,കൃപേഷ്,ആദിൽ,അമിഷ് എന്നിവരെ എസ്.എഫ്.ഐ അംഗത്വത്തിൽ നിന്ന് പുറത്താക്കി. കേസിൽ പ്രതി ചേർത്തവർ ഇപ്പോഴും ഹോസ്റ്റലിലുണ്ട്.എന്നാൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയതല്ലാതെ പൊലീസ് മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ ചേർന്ന് മർദ്ദിച്ച കാട്ടാക്കട സ്വദേശി അനസിന്റെ സുഹൃത്തും ലക്ഷദ്വീപ് സ്വദേശിയുമായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. അനസിനെ മർദ്ദിച്ച പ്രതികളുടെ അറസ്റ്റ് 17വരെ തടഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് അനസിനെ സഹായിച്ചുവെന്നാരോപിച്ച് സഹപാഠിയെ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റൽ മുറിക്കുള്ളിൽക്കയറി ആക്രമിച്ചത്. ആദിൽ,ആകാശ്,അഭിജിത്ത്,കൃപേഷ്, അമേഷ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റള്ളവർക്കുമെതിരെയാണ് കേസ്.ഇതിൽ അഭിജിത്ത് പഠനം കഴിഞ്ഞ ശേഷവും യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ തങ്ങുകയാണെന്നാണ് ആക്ഷേപം.
ഫയാസിനൊപ്പമെന്ന്
മർദ്ദനമേറ്റ ഫയാസിനൊപ്പമാണ് തങ്ങളെന്ന് എസ്.എഫ്.ഐ പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു.ഹോസ്റ്റലിൽ ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആരുംതന്നെയില്ല. എസ്.എഫ്.ഐയുടെ മെമ്പർഷിപ്പിലുള്ള ആകാശ്,കൃപേഷ്,ആദിൽ,അമിഷ് എന്നിവർ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ നൽകിയ പരാതിയിലുണ്ട്. എസ്.എഫ്.ഐയുടെ മെമ്പർഷിപ്പ് കേഡർ മെമ്പർഷിപ്പ് അല്ല ഇവർക്ക്. കോൺടാക്ട് മെമ്പർഷിപ്പാണ് ഇവർക്കുള്ളത്. കേരളത്തിലെ പതിനാറ് ലക്ഷം മെമ്പർമാരിൽ നാലുപേർ മാത്രമാണ് ഇവർ. എസ്.എഫ്.ഐയെന്നും വെട്ടയാടപ്പെട്ട മനുഷ്യരുടെ കൂടെയാണ്. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥി നടത്തുന്ന നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്.എഫ്.ഐ പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു.