തിരുവനന്തപുരം:വഞ്ചിയൂരിൽ നടുറോഡിൽ സ്റ്റേജ് നിർമിച്ചതിലെ ഹൈക്കോടതി ഇടപെടലും മംഗലപുരത്തെ മുൻ ഏരിയാ സെക്രട്ടറിയുടെ ബി.ജെ.പി പ്രവേശനവും നേതാക്കൾക്കും സർക്കാരിനുമെതിരെയുള്ള നിശ്ചിത വിമർശനങ്ങളുമടക്കം വിവാദങ്ങൾ ആളിപ്പടർന്ന ഏരിയാ സമ്മേളനങ്ങൾക്കു പിന്നാലെ സി.പി.എം ജില്ലാ സമ്മേളനത്തിന് 21ന് കോവളത്ത് കൊടിയുയരും. 2684 ബ്രാഞ്ച് സമ്മേളനങ്ങളും 185 ലോക്കൽ സമ്മേളനങ്ങളും 19 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് നിർണായകമായ ജില്ലാ സമ്മേളനത്തിലേക്ക് പാർട്ടി കടക്കുന്നത്.
ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളാണ് സമ്മേളനങ്ങളിൽ നടന്നതെന്ന് അവകാശപ്പെടുമ്പോഴും ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ നടന്ന ചേരിതിരിഞ്ഞുള്ള മത്സരങ്ങളും നേതൃത്വം കണ്ണുരുട്ടിയിട്ടുപോലും പൂർത്തിയാക്കാനാകാതെ നിറുത്തിവച്ച മൂന്ന് ലോക്കൽ സമ്മേളനങ്ങളും ജില്ലാ നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. വിതുര,മംഗലപുരം,പാറശാല ഏരിയാ സമ്മേളനങ്ങളിൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരങ്ങൾ പ്രാദേശിക നേതാക്കൾക്കിടയിലെ ചേരിപ്പോരെന്നു പറഞ്ഞ് തള്ളാനാകില്ലെന്നതും നേതൃത്വത്തിന് തലവേദനയാണ്.
പാർട്ടിയെ അടിമുടി ഉലച്ചിരുന്ന മുൻപുണ്ടായ വിഭാഗീയത പിടിച്ചുകെട്ടിയെങ്കിലും ഇപ്പോൾ ജില്ലയിലെ മുതിർന്ന നേതാക്കളുടെ തണലിൽ ഉയർന്നുവരുന്ന വിഭാഗീയതയാണ് താഴെത്തലങ്ങളിലേക്ക് എത്തിയത്. നേതൃത്വത്തിന് ഇക്കാര്യം ബോദ്ധ്യമുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല.
ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത വി.ജോയി തുടരാനാണ് സാദ്ധ്യത. എന്നാൽ സെക്രട്ടേറിയറ്റിലും ജില്ലാകമ്മറ്രിയിലും ചെറിയ മാറ്റമുണ്ടായേക്കും. 46 അംഗ ജില്ലാ കമ്മിറ്റിയും 11 അംഗ സെക്രട്ടേറിയറ്റുമാണ് തിരഞ്ഞെടുക്കുക. 451 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കോർപ്പറേഷൻ ഭരണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ, കെ.എസ്.ആർ.ടി.സി ഡ്രൈവറും മേയറുമായുള്ള തർക്കം , കോൺഗ്രസ് വിട്ടുവന്ന ജില്ലാപഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി സൃഷ്ടിച്ച വിവാദങ്ങൾ, നേമം സഹകരണ ബാങ്ക് തട്ടിപ്പ് തുടങ്ങിയവയെല്ലാം ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും. 23ന് വിഴിഞ്ഞത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനം അവസാനിക്കുക.