crime

തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ബാറിലെ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഗുണ്ടാ തലവനായ ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോർട്ട് പൊലീസ് കേസെടുത്തു. എതിർ സംഘത്തലവൻ സാജൻ രണ്ടാം പ്രതിയും മകൻ ഡാനി മൂന്നാം പ്രതിയുമാണ്. ഇവരുടെ കൂട്ടാളികളിൽ ചിലരെ ഇന്നലെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

സംഘർഷം,പൊതുജന ശല്യം തുടങ്ങി ആറ് വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. സാജന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാർട്ടി ഓംപ്രകാശ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇവർ തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയാണ് ഏറ്റുമുട്ടൽ.

പരിപാടിക്കിടെ ഓംപ്രകാശും ഒപ്പമെത്തിയ നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റത്തിലാകുകയും ചെയ്‌തു. ഇതോടെ ഡി.ജെ പാർട്ടി തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഡാനിയുമായി തർക്കമുണ്ടായി. ഇരുഭാഗത്തും ആളുകൾ സംഘടിച്ചു. സംഭവമറിഞ്ഞ് സാജനെത്തിയതോടെ ബാറിൽ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇവർ സ്ഥലംവിട്ടു. രണ്ടുമാസം മുമ്പ് കൊച്ചിയിൽ ഓംപ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.

എഫ്.ഐ.ആർ മുക്കി പൊലീസ്

സംഭവം വിവാദമാകുമെന്നായപ്പോൾ എഫ്.ഐ.ആർ പൊലീസ് സൈറ്റിൽ നിന്ന് തത്കാലം നീക്കി. പോക്സോ,​സത്രീപീഡനം,​പീഡനം തുടങ്ങിയ വകുപ്പുകളുള്ള എഫ്.ഐ.ആ‍റുകളാണ് പൊലീസിന്റെ തുണ ആപ്പിൽ പ്രസിദ്ധീകരിക്കാത്തത്. എന്നാൽ ഈ സംഭവത്തിൽ എഫ്.ഐ.ആർ പ്രസിദ്ധീകരിച്ചെങ്കിലും പിൻവലിച്ചെന്നാണ് ആക്ഷേപം.