കോവളം: വാഴമുട്ടം ബൈപ്പാസിലെ ഡയമണ്ട് ബാറിൽ മദ്യപിക്കാനെത്തിയ സംഘങ്ങൾ തമ്മിൽ സംഘർഷം. സംഭവത്തിൽ ബാർ ജീവനക്കാർക്കും അന്വേഷിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ.തോമസ്,പൊലീസുകാരായ ശ്യാമപ്രസാദ്,രതീഷ് ലാൽ എന്നിവർക്കും ബാർ ജീവനക്കാരായ ഗോകുൽ,​ അഖിൽ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാനെത്തിയ കൊല്ലം മടവൂർ സ്വദേശിയായ സജിൻ,പാറവിള സ്വദേശിയായ ശ്രീജിത്ത് (30) എന്നിവരാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബാറിനുള്ളിൽ മദ്യപിച്ചിരിക്കെ വാക്കേറ്റവും തുടർന്ന് സംഘട്ടനവും തുടങ്ങിയപ്പോൾ ജീവനക്കാർ ഇരുവരെയും പറഞ്ഞുവിലക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് കൺട്രോൾ റൂമിൽ അറിയിച്ചതിനെത്തുടർന്ന് തിരുവല്ലം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് ബാറിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ പൊലീസുകാരെ തടിക്കഷണം കൊണ്ട് കാലിലും കൈയിലും മർദ്ദിച്ചു. പരിക്കേറ്റ എസ്.സി.പി.ഒ ശ്യാമപ്രസാദിനെയും സംഭവത്തിൽ പ്രതിയായ ശ്രീജിത്തിനെയും 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.ഐ.തോമസിനെ ജനറൽ ആശുപത്രിയിലും എത്തിച്ചു. പ്രധാന പ്രതിയായ സജിൻ പൊലീസ് കസ്റ്റഡിയിലാണ്. സംഭവമറിഞ്ഞ് പൂന്തുറ,കോവളം സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.