വിതുര: വിതുര കെ.എസ്.ആ‌ർ.ടി.സി ഡിപ്പോയിൽ നിന്നും രാത്രി എട്ടിന് നെടുമങ്ങാട്ടേക്ക് സർവീസ് നടത്തിയിരുന്ന ബസ് ഒരു മുന്നറിയിപ്പുമില്ലാതെ നിറുത്തലാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. നിലവിൽ രാത്രി ഏഴേകാൽ കഴിഞ്ഞാൽ വിതുര ഡിപ്പോയിൽ നിന്നും നെടുമങ്ങാട്ടേക്ക് ബസ് ഇല്ലാത്ത അവസ്ഥയാണ്. നേരത്തേ രാത്രി 9.30 വരെ തിരുവനന്തപുരത്തേക്ക് വിതുര ഡിപ്പോയിൽ നിന്നും ബസ് സർവീസ് ഉണ്ടായിരുന്നു.

കൊവിഡ് വ്യാപനത്തെതുടർന്നാണ് ബസ് നിലച്ചത്. രാത്രി എട്ടിനുണ്ടായിരുന്ന സർവീസ് നിറുത്തലാക്കിയതോടെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

വിതുര, തേവിയോട്,ആനപ്പാറ,കല്ലാർ,തൊളിക്കോട്,മന്നൂർക്കോണം മേഖലയിലുള്ള വ്യാപാരികളും മറ്റും കടയടച്ചശേഷം ഈ ബസിലാണ് യാത്രചെയ്തിരുന്നത്. കഴിഞ്ഞദിവസം ബസ് നിറുത്തലാക്കിയതറിയാതെ യാത്രക്കാർ ബസ് സ്റ്റോപ്പുകളിൽ ബസ് നോക്കി ഏറെ നേരം നിന്നു.ഒടുവിൽ നെടുമങ്ങാട്ടേക്ക് പോകേണ്ടവരും മറ്റും ഓട്ടോവിളിച്ചാണ് മടങ്ങിയത്. ഡിപ്പോയിൽ വിളിച്ചു ചോദിച്ചപ്പോഴാണ് ബസ് നിറുത്തലാക്കിയ വിവരം അറിയുന്നത്.

ജനങ്ങൾ ദുരിതത്തിൽ

മലയോരമേഖലയിലെ യാത്രാദുരിതം അകറ്റാൻ ആരംഭിച്ച വിതുര ഡിപ്പോ ഫലത്തിൽ യാത്രാദുരിതം വിതയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്. നെടുമങ്ങാട് വിതുര റൂട്ടിൽ നിലവിൽ യാത്രാക്ലേശം അതിരൂക്ഷമാണ്. രാവിലെയും വൈകിട്ടുമാണ് കൂടുതൽ പ്രശ്നം. നെടുമങ്ങാട് നിന്നും വൈകിട്ട് വിതുരയിലേക്കുള്ള ബസിൽ തിരക്കേറെയാണ്. മാത്രമല്ല വഴിമദ്ധ്യേനിൽക്കുന്നവരെ ബസിൽ കയറ്റാൻ കഴിയാത്ത അവസ്ഥയുമാണ്. യാത്രാദുരിതം അകറ്റുവാൻ നെടുമങ്ങാട് വിതുര ഡിപ്പോകളിൽനിന്നും ചെയിൻസർവീസ് ആരംഭിക്കുമെന്ന കെ.എസ്.ആർ.ടി.സിയുടെ വാഗ്ദാനം ജലരേഖയായി മാറി.

സർവീസുകൾകുറച്ചു

വിതുരയിൽ നിന്നും രാത്രി എട്ടിനുണ്ടായിരുന്ന ലാസ്റ്റ്ബസ് നിറുത്തിവച്ചതിന് പുറമേ പകലും ജനോപകാരപ്രദമായി ഓടിയിരുന്ന മറ്റ് ചില സർവീസുകളും നിറുത്തലാക്കിയതായി പരാതിയുണ്ട്. കളക്ഷൻ കുറവെന്ന പേരിലാണ് സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചത്. നെടുമങ്ങാട് എ.ടി.ഒ കളക്ഷൻകുറവുള്ള ട്രിപ്പുകൾ നിറുത്തലാക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സർവീസ് നിറുത്തിയതെന്നാണ് വിതുര ഡിപ്പോമേധാവികളുടെ വാദം. അശാസ്ത്രീയമായ പരിഷ്ക്കാരത്തിൽ യാത്രക്കാർ പെരുവഴിയിലാവുകയാണ്.