കടയ്ക്കാവൂർ: അക്രമവും മോഷണവും പെരുകിയതോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ പ്രധാന കവലകളിൽ സിസി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ഇവ പ്രവർത്തന രഹിതമായിട്ട് 5 വർഷത്തോളമായി. ക്യാമറസ്ഥാപിച്ചപ്പോൾ ഇതിനുവേണ്ട വൈദ്യുതചാർജും അറ്റകുറ്റപ്പണികളും നാട്ടുകാരുടെ സഹായത്തോടെ വിഷൻ കടയ്ക്കാവൂരാണ് വഹിച്ചിരുന്നത്. നാളുകൾ കഴിഞ്ഞപ്പോൾ വൈദ്യുത ബില്ലിനും ക്യാമറയുടെ അറ്റകുറ്റപ്പണികൾക്കുമായി നല്ലൊരു തുക മാസം വേണ്ടിവന്നു. ഈ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ ക്യാമറയുടെ പ്രവർത്തനം നിലച്ചു. ആദ്യമായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അടിയന്തരമായി ക്യാമറയുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ക്യാമറകൾ പ്രവർത്തിച്ചിരുന്നത്
ചെക്കാലവിളാകം, മീരാൻകടവ്, ഓവർ ബ്രിഡ്ജ്, റെയിൽവേ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, പെരുങ്ങേറ്റ് ജംഗ്ഷൻ
പ്രതികരണം: വീണ്ടും ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കണം. അതിൽ രാഷ്ട്രീയകാരും സമുദായ അംഗങ്ങളും ക്ലബ് അംഗങ്ങളും മറ്റ് സംഘടനകളും റസിഡന്റ്സ് അസോസിയേഷൻസും റിട്ട.എംപ്ലോയ്സ് തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കണം.
ഉദയസിംഹൻ
ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം സെക്രട്ടറി