d

എല്ലാം സുരക്ഷിതമെന്ന് അവകാശപ്പെടുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ക്രിസ്‌മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവം അതീവഗുരുതരമായി പരിഗണിക്കേണ്ടതും,​ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സമൂഹത്തിലാകെത്തന്നെയും ആശങ്ക പടർത്തുന്നതുമാണ്. വൈകിയാണെങ്കിലും,​ സംഭവത്തിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയെ തുടർന്നാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചോദ്യക്കടലാസ് വാട്സ് ആപ് വഴി പരസ്യമായത്. കോഴിക്കോട്ടാണ് ഇത് ആദ്യം പരസ്യമായത്. തുടർന്ന് സംസ്ഥാനത്തൊട്ടാകെ അതു പുറത്തായി. ക്ളാസ് പരീക്ഷയുടെ ചോദ്യക്കടലാസല്ലേ; അത്ര ഗൗരവമായി പരിഗണിക്കേണ്ടതില്ല എന്നൊരു അയഞ്ഞ സമീപനം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ആദ്യ ദിവസങ്ങളിൽ ഉണ്ടായോ എന്നു സംശയമുണ്ട്. കാരണം,​ നാലു ദിവസത്തോളം ഈ വിഷയത്തിൽ ഖണ്ഡിതമായൊരു തീരുമാനത്തിന് മുതിരാതിരുന്നു എന്നതു തന്നെ.

ഓൺലൈൻ വഴി വിദ്യാർത്ഥികൾക്ക് ട്യൂഷൻ ക്ളാസും പഠന സഹായ വിവരങ്ങളും നൽകുന്ന കോഴിക്കോട് ജില്ലയിലെ സ്ഥാപനമാണ് ചോദ്യക്കടലാസ് ചോർച്ചയ്ക്കു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. സർവീസിലുള്ളവരും റിട്ടയർ ചെയ്തവരും ഉൾപ്പെടെയുള്ളവരാണ് ഈ സംഘടിത കുറ്റകൃത്യത്തിനു പിന്നിലുള്ളതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണങ്ങളിൽ വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് യുട്യൂബ് വഴി വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ച യുട്യൂബ് ചാനൽ നടത്തിപ്പുകാരെ പൊലീസിന് ഇനിയും ചോദ്യം ചെയ്യാൻ പോലുമായിട്ടില്ല. പരീക്ഷകൾ അട്ടിമറിച്ച് കുട്ടികളെ വഴിയാധാരമാക്കുന്ന നടപടിയാണ് നടന്നിരിക്കുന്നത്. എന്നിട്ടും,​ വിവരം പുറത്തുന്നയുടൻ തന്നെ അതിന്റെ ഗൗരവം ഉൾക്കൊണ്ട് മേൽ നടപടികളിലേക്കു കടക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്.

പൊലീസിനും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാതികൾ നൽകിയിരുന്നതാണ്. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നത് ഇന്നലെയാണെന്നു മാത്രം!ഏതു ക്ളാസിലെ പരീക്ഷയാണെങ്കിലും ചോദ്യപേപ്പറിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുക തന്നെ വേണം. ലാഘവത്തോടെ സമീപിക്കേണ്ട വിഷയമല്ലിത്. ചോദ്യപേപ്പർ തയ്യാറാക്കുന്നിടം മുതൽ സ്‌കൂളുകളിൽ അവ എത്തിക്കുന്നതും പരീക്ഷയ്ക്കു തൊട്ടുമുൻപ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതും വരെയുള്ള ഘട്ടങ്ങൾ അതീവ രഹസ്യമായിരിക്കണം. ഐ.ടി സംവിധാനങ്ങൾ ഏറെ പുരോഗതി പ്രാപിച്ചിട്ടുള്ള ഇക്കാലത്ത് ഇതൊക്കെ നിഷ്‌പ്രയാസം സാദ്ധ്യമാണ്. എന്നാൽ ഉത്ഭവഘട്ടങ്ങളിൽ വീഴ്ച വരുത്തിയാൽ ചോദ്യങ്ങൾ പുറത്താകും. പരീക്ഷകളുടെ രഹസ്യസ്വഭാവവും നഷ്ടമാകും.

എട്ടു മുതൽ പത്തു വരെയുള്ള ക്ളാസുകളിലെ സ്‌കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസുകൾ 'ഡയറ്റ്" ആണ് തയ്യാറാക്കുന്നത്. രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഇത്തരം സംവിധാനങ്ങളിൽ പണിയെടുക്കുന്നവർ വഴി ചോദ്യങ്ങൾ പുറത്തുപോകാൻ സാദ്ധ്യത കൂടുതലാണ്. ചോദ്യങ്ങൾ സ്വകാര്യ യുട്യൂബ് ചാനലുകാർക്ക് എവിടെ നിന്നു ലഭിച്ചുവെന്ന് സമഗ്ര അന്വേഷണം പൂർത്തിയായെങ്കിലേ കണ്ടെത്താനാവൂ. നടന്നു കഴിഞ്ഞ പരീക്ഷ റദ്ദാക്കി,​ പുതിയ പരീക്ഷയ്ക്ക് ആലോചനയില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതിനൊപ്പം,​ പുന:പരീക്ഷയുടെ കാര്യം കൂടി സർക്കാർ ആലോചിക്കണം. കഴിഞ്ഞ വർഷം ഡിസംബറിലെ പരീക്ഷകളുടെ ചോദ്യക്കടലാസുകളും ചോർന്നതായി വാർത്തയുണ്ടായിരുന്നു. അന്നും നടപടി ഒന്നുമെടുക്കാതിരുന്നതാണ് അതേ തെറ്റ് ആവർത്തിക്കാൻ കാരണം. ക്രിസ്‌മസ് പരീക്ഷ കഴിഞ്ഞ് സ്‌കൂൾ തുറക്കുമ്പോഴേക്കും വിഷയം എല്ലാവരും മറക്കും. ഇത്തരം മറവികൾ എല്ലാവരും ഭൂഷണമായി കൊണ്ടു നടക്കുന്നതുകൊണ്ടാണ് വലിയ പിഴവുകൾ ഉണ്ടാകുന്നത്.