ശിവഗിരി: ശ്രീനാരായണഗുരുവിനെയും മഹാകവി കുമാരനാശാനെയും ചേർത്തുവച്ചുള്ള പഠനം അനിവാര്യമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുവിന്റെ സത്യദർശനത്തിന്റെ ഭാഷ്യമാണ് ആശാൻ കവിതകളുടെ സത്തയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരി തീർത്ഥാടനകാലത്തോടനുബന്ധിച്ച് മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
കുമാരനാശാന്റെ സങ്കൽപ്പത്തിന്റെയും വിചാര വികാരങ്ങളുടെയും ഓരോ അംശവും ഗുരുവിന്റെ സത്യദർശനത്തിൽ അധിഷ്ഠിതമാണ്. മഹാകവി എന്ന തലത്തിലേക്ക് എത്തുംമുമ്പ് അദ്ദേഹം രചിച്ചിട്ടുള്ള സ്തോത്രകവിതകൾ കുമാരമഹാകവിയുടെ ദർശനം വെളിപ്പെടുത്തുന്നതാണ്. ആശയ ഗംഭീരൻ എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായത് കവിതകളുടെ ദാർശനിക ഔന്നത്യം കാരണമാണ്. മലയാളത്തിന്റെ വലിയ മഹാകവിയാണ് ഗുരു. എന്നാൽ, ഗുരുവിലെ മഹാകവിയെ വേണ്ടവിധം പണ്ഡിതർ കണ്ടെത്തിയില്ല. ഗുരുദർശനം മനസിലാവാത്തതാണ് ആധുനിക കേരളത്തിന്റെ വലിയ ദുര്യോഗം. ഗുരുദർശനം കൂടുതൽ പഠനവിധേയമാക്കി,ആധുനിക തലമുറയെ അതിലേക്ക് അടുപ്പിക്കണമെന്നും സ്വാമി പറഞ്ഞു.
ഗുരുവിന്റെ ദാർശനിക ചിന്തകൾ കോർത്തുവയ്ക്കാൻ കഴിഞ്ഞതാണ് ആശാൻ കൃതികളുടെ ശ്രേഷ്ഠതയെന്ന് വർക്കല എസ്.എൻ കോളേജ് മലയാളവിഭാഗം മേധാവി ഡോ.സിനി പറഞ്ഞു. സ്വാമി ധർമ്മാനന്ദ അദ്ധ്യക്ഷത വഹിച്ചു. പി.ശ്രീകുമാർ, ഗുരധർമ്മപ്രചരണ സഭ പി.ആർ.ഒ പ്രൊഫ. ഡോ.സനൽകുമാർ, കൊല്ലം ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, താണവൻ ആചാരി എന്നിവർ പ്രസംഗിച്ചു. തോന്നയ്ക്കൽ ആശാൻ സ്മാരക അവാർഡ് ലഭിച്ച എൻ.എസ്. സുമേഷ് കൃഷ്ണനെ അനുമോദിച്ചു. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും വെട്ടൂർ ശശി നന്ദിയും പറഞ്ഞു.