s

ഇന്ത്യൻ സംഗീതത്തെ ലോകസംഗീതവുമായി കോർത്തിണക്കിയ മഹാ പ്രതിഭയായിരുന്നു തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈൻ. പെട്ടെന്നൊരു രാത്രിയിൽ തികച്ചും അപ്രതീക്ഷിതമായി സാക്കിർ ഭായ് വിടപറഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് ലോകത്തിന്റെ താളം തന്നെ നിലച്ചുപോയതായി ആരാധകർക്ക് തോന്നിയിരിക്കാം . 73-ാം വയസിൽ അമേരിക്കയിൽ വച്ചായിരുന്നു ഈ അതുല്യ കലാകാരന്റെ അന്ത്യം. പണ്ഡിറ്റ് രവിശങ്കറും ഉസ്‌താദ് അലി അക്‌ബർ ഖാനും സാക്കിർ ഹുസൈനും ഇന്ത്യൻ സംഗീതത്തിന്റെ മഹത്തായ പാരമ്പര്യത്തെ ലോകമെങ്ങും എത്തിച്ചവരിൽ പ്രമുഖരാണ്. തബലയുടെ യുഗപുരുഷനായ അല്ലാ രഖയുടെ പുത്രനായി പിറന്ന സാക്കിർ ഹുസൈൻ ബാലപ്രതിഭയെന്ന നിലയിൽത്തന്നെ ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിച്ചുകഴിഞ്ഞിരുന്നു. പിതാവിന്റെ കീഴിൽ നേടിയ ശിക്ഷണവും ജന്മസിദ്ധമായ കഴിവും നിരന്തരമായ സാധകവും അന്യാദൃശമായ ഭാവനയും ഒത്തുചേർന്ന് സാക്കിർ ഹുസൈനെ എക്കാലത്തെയും മികവുറ്റ കലാകാരനായി ഉയർത്തി.

ശിവകുമാർ ശർമ്മയുടെ സന്തൂർ വാദനത്തിനും പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ വാദനത്തിനും അംജദ് അലിഖാന്റെ ആലാപനത്തിനും സാക്കിർ ഹുസൈൻ പകർന്ന അപൂർവ ചാരുതയും ലയഭംഗിയും ഇന്ത്യൻ സംഗീത ചരിത്രത്തിലെ മായാത്ത ഏടുകളാണ്. തബലയിലെ ഇതിഹാസ വാദകനായ അല്ലാ രഖയുടെ മകന് സംഗീതമല്ലാതെ മറ്റൊരു പാത ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. പിറന്നുവീണപ്പോൾ മന്ത്രങ്ങൾ പോലെ പിതാവ് കാതിൽ ഓതിക്കൊടുത്തത് താളക്കണക്കുകളായിരുന്നു. താളം പിഴയ്‌ക്കാതെ പാരമ്പര്യത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട സാക്കിർ ഹുസൈൻ പുതിയ കാലത്തിന്റെ സംഗീതം രചിച്ചുവെന്നു മാത്രമല്ല, അവാച്യമായ മുഹൂർത്തങ്ങളിലേക്ക് ആസ്വാദകരെ ആനയിക്കുകയും ചെയ്തു. സാക്കിറിന്റെ ജൈത്രയാത്ര അംഗീകാരങ്ങളുടെ ഗ്രാമി വേദികളും കൈയടക്കി മുന്നേറിയ ഏഴു പതിറ്റാണ്ടുകൾ ഒരർത്ഥത്തിൽ ഇന്ത്യൻ സംഗീതത്തിന്റെ സുവർണ കാലമായി വിലയിരുത്തപ്പെടും.

മുംബയുടെ പ്രാന്തപ്രദേശമായ മാഹിമിൽ ജനിച്ച സാക്കിർ ഹുസൈൻ മൂന്നു വയസു മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചുതുടങ്ങി. വീട്ടുമേശകളിലും പാത്രങ്ങളിലും താളംപിടിച്ചു തുടങ്ങിയ ആ കുഞ്ഞു കൈവിരലുകൾ ദൈവത്തിന്റെ വിരലുകൾ തന്നെയായിരുന്നു. ലോകമറിയുന്ന ഒരു തബല വാദകനിലേക്കുള്ള വളർച്ചയുടെ തുടക്കമായിരുന്നു അത് . തബലയിൽ പഞ്ചാബ് ഘരാനയിൽ അച്ഛന്റെ ശിഷ്യനായി പടവുകൾ കയറിയ സാക്കിർ ഏഴാമത്തെ വയസിൽ സരോദ് വിദഗ്ദ്ധൻ ഉസ്‌താദ് അലി അക്‌ബർ ഖാനോടൊപ്പം വേദി പങ്കിട്ടു. പന്ത്രണ്ടാമത്തെ വയസിൽ അലി അക്‌ബർ ഖാനോടൊപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ചു. സംഗീത വിസ്‌മയങ്ങളായ രവിശങ്കർ, ബിസ്‌മില്ലാ ഖാൻ മുതൽ ആംഗലേയ കലാകാരന്മാരായ ജോർജ് ഹാരിസൺ തുടങ്ങി പുതുതലമുറയിലെ രാകേഷ് ചൗരസ്യ അടക്കമുള്ളവരോടൊപ്പം പ്രവർത്തിച്ചു.

വയലിനിസ്റ്റ് എൽ. ശങ്കർ, ഗിറ്റാറിസ്റ്റ് ജോൺ മക്‌ലോലിൻ, മൃദംഗ വാദകൻ രാംനന്ദ് രാഘവ്, ഘടം വാദകൻ വിക്കു വിനായക റാം എന്നിവരുമായി ചേർന്ന് ഹിന്ദുസ്ഥാനി - കർണാടക സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച 'ശക്‌തി" എന്ന ഫ്യൂഷൻ ബാൻഡ് ശ്രദ്ധേയമായി മാറിയിരുന്നു.കേരളത്തോട് എന്നും സാക്കിർ ഹുസൈൻ താത്പര്യം കാട്ടി.അദ്ദേഹത്തിന്റെ വേർപാട് മലയാളികൾക്ക് വേദനയുണർത്തുന്നതാണ്.

തബലയിലെ 'സാക്കിർ ടച്ച്" പുതിയ തലമുറയിലെ തബല വാദകർക്ക് നിത്യപ്രചോദനമാണ്. മഹാനായ ആ കലാകാരന്റെ ഭൗതിക സാന്നിദ്ധ്യം നമ്മുടെ മുന്നിൽ നിന്ന് മാഞ്ഞുപോയെങ്കിലും, ആ അതുല്യ പ്രതിഭയുടെ മാന്ത്രിക വിരലുകളിൽ നിന്നുയർന്ന താള തരംഗങ്ങൾക്ക് മരണമില്ല. ആ നാദവിസ്‌മയം കാലാതീതമായി തിളങ്ങിക്കൊണ്ടിരിക്കും. ആദരാഞ്ജലികൾ.