1

വിഴിഞ്ഞം: ചെറുതും വലുതുമായ നിരവധി അപകടങ്ങൾ സംഭവിക്കുന്ന, അഞ്ചു റോഡുകൾ സംഗമിക്കുന്ന വിഴിഞ്ഞം ജംഗ്ഷനിൽ ട്രാഫിക്ക് ഐലൻഡ് വേണമെന്ന ആവശ്യം ശക്തം. മത്സ്യബന്ധന തുറമുഖം സമീപമായതിനാൽ 24 മണിക്കൂറും ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന സ്ഥലമാണിത്. ജംഗ്ഷനു സമീപം ബസ് സ്റ്റോപ്പുകൾ ഉള്ളതിനാൽ യാത്രക്കാർ റോഡ്‌ മുറിച്ചു കടക്കാനും കാൽനടയ്ക്കുമായി ബുദ്ധിമുട്ടനുഭവിക്കുകയാണ്.അന്താരാഷ്ട്ര തുറമുഖം,കോവളം,ചൊവ്വര ഉൾപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ,വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം,കെ.എസ്.ആ‌ർ.ടി.സി ഡിപ്പോ,പൊലീസ് സ്റ്റേഷൻ,ഗവ.എൽ.പി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കേന്ദ്രം കൂടിയാണ് വിഴിഞ്ഞം. ഈ സ്ഥാപനങ്ങളിലേതടക്കം ആയിരക്കണക്കിന് വാഹനങ്ങളും അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള നിർമ്മാണ സാമഗ്രികളുമായി കടന്നുവരുന്ന ടിപ്പർ ലോറികളും യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുപോകുന്നതുവഴി നിരവധി അപകടങ്ങൾ ദിവസേന സംഭവിക്കാറുണ്ട്.

നമ്പർ പ്ലേറ്റില്ലാതെ

സ്കൂൾ വിടുന്ന സമയങ്ങളിൽ വിഴിഞ്ഞം,വെങ്ങാനൂർ സ്കൂളുകൾ കേന്ദ്രീകരിച്ച് ഇരുചക്രവാഹനങ്ങളിലെത്തി അഭ്യാസപ്രകടനം നടത്തുന്നത് പതിവാണ്.ഇതിലേറെയും നമ്പർ പ്ലേറ്റുകളില്ലാതെയോ അവ മറച്ചുവച്ചോ ഉള്ള വാഹനങ്ങളാണ്.ഈ പ്രദേശങ്ങളിൽ പൊലീസിന്റെയോ ട്രാഫിക്കിന്റെയോ ക്യാമറകളില്ല.ഈ വാഹനങ്ങൾ അപകടകരമായവിധം ചീറിപ്പായുന്നതും അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു.വെങ്ങാനൂരും വിഴിഞ്ഞവും കേന്ദ്രീകരിച്ച് എ.ഐ ക്യാമറകൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നടപടികളൊന്നുമുണ്ടായിട്ടില്ല.

പ്രതീക്ഷയോടെ റോഡ് വികസനം

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേയുടെ ഭാഗമായി വിഴിഞ്ഞം ജംഗ്ഷനും കോവളവും വികസിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ നേരെത്തെ രൂപീകരിച്ചു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കല്ലിടൽ വിഴിഞ്ഞത്ത് പൂർത്തിയായിട്ട് വർഷങ്ങളായി.രാജ്യാന്തര തുറമുഖത്തെ ചരക്കുനീക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭാവിയിലെ തിരക്ക് കണക്കിലെടുത്താണ് വിഴിഞ്ഞം ജംഗ്ഷനിൽ റോഡ് വികസനം നടപ്പാക്കുന്നത്.ഇവിടെ റൗണ്ട് എബൗട്ട് നിർമ്മിക്കും.അതേസമയം രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായ കോവളം ബീച്ചിലേക്ക് തിരിയുന്ന ജംഗ്ഷനും വികസിപ്പിക്കും.അടിമലത്തുറയിൽ നിന്ന് മുക്കോല-വിഴിഞ്ഞം-കോവളം വരെ ഇപ്പോഴുള്ള റോഡ് വീതികൂട്ടിയാണ് തീരദേശ റോഡ് നിർമ്മിക്കുന്നത്.ഇവിടങ്ങളിലെല്ലാം കല്ലിടൽ പൂർത്തിയായിട്ടുണ്ട്. കോവളം ജംഗ്ഷനിലെത്തി നിലവിലെ ബൈപ്പാസ് റോഡുമായി ബന്ധിപ്പിച്ച് കുമരിച്ചന്തവരെയെത്തും. ഇവിടെ നിന്ന് വീണ്ടും തീരദേശം വഴി കാപ്പിൽ വരെയാകും ഒന്നാംഘട്ട പാത.

സിഗ്നൽ ലൈറ്റ് വേണം

അപകടമൊഴിവാക്കാൻ വിഴിഞ്ഞം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റോ ട്രാഫിക് ഐലൻഡോ അടിയന്തരമായി സ്ഥാപിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ വിഴിഞ്ഞം ഡിവിഷൻ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വ.ജി.മുരളീധരൻ,കോവളം രാജൻ,എസ്.എസ്.അരുൺകുമാർ,തിങ്കൾ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.