
വട്ടപ്പാറ: സംസ്ഥാനപാതയിൽ അപകടത്തുരുത്തായി വട്ടപ്പാറയിലെ വളവുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ എട്ടോളം അപകടങ്ങളാണ് ചിറ്റാഴ മുതൽ വെമ്പായം വരെയുള്ള വളവുകളിൽ നടന്നത്. ഇതിൽ നാലുവാഹനങ്ങൾ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചവയായിരുന്നു. അപകടങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു.
സംസ്ഥാനപാതയുടെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വീതി കുറഞ്ഞ ഭാഗമാണ് മരുതൂർ മുതൽ വെമ്പായം വരെയുള്ളത്. ഇവിടങ്ങളിൽ അപകടം നടക്കാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായി കുത്തനെയുള്ള വളവുകളായതിനാൽ മിക്കപ്പോഴും വാഹനങ്ങൾ നിയന്ത്രണം തെറ്റി എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാറുണ്ട്.
കൂടാതെ റോഡിന്റെ ഒരുവശം താഴ്ചയുള്ള കുഴിയാണ്.കണ്ണുതെറ്റിയാൽ താഴെ കുഴിയിലേക്ക് വീഴുമെന്നതാണ് അവസ്ഥ. സ്ഥിരമായി അപകടം നടക്കുന്ന കണക്കോട് തണ്ണിപ്പാറ വളവിലുൾപ്പെടെ സംരക്ഷണ വേലികളില്ലാത്തതും അപകടങ്ങളുടെ ആക്കം കൂട്ടും.
ഈ റോഡിലെ വളവുകളെക്കുറിച്ച് ധാരണയില്ലാതെയെത്തുന്ന ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാരാണ് മിക്കപ്പോഴും അപകടങ്ങളിൽപ്പെടുന്നത്.
സംസ്ഥാനത്തെ പ്രധാന പാതകളിൽ ഒന്നായ എം.സി റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ട് കാലമേറെയാകുന്നു. മണ്ണന്തല മുതൽ വെഞ്ഞാറമൂട് വരെയുള്ള ഭാഗത്താണ് പ്രധാനമായും അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുന്നത്. റോഡിന് വീതിയില്ലാത്തതും കുത്തനെയുള്ള വളവുകളുമാണ് ഇതിന് പ്രധാന കാരണം.
വളവുകൾ നിവർത്തണം
കുത്തനെയുള്ള വളവുകളും വീതികുറഞ്ഞ റോഡും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നു.വീതികുറഞ്ഞ റോഡിലൂടെ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ റോഡിന്റെ മറുവശത്ത് പോയി അപകടങ്ങളുണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്.വട്ടപ്പാറ അമ്പലനഗറിലെ വളവ്,കണക്കോട് തണ്ണിപാറ വളവ്,വേറ്റിനാട് വില്ലേജ് ഓഫീസിന് മുൻപിലത്തെ വളവ്,പിരപ്പൻകോട് ജംഗ്ഷനിലെ വളവ് എന്നിവിടങ്ങളിലാണ് പ്രധാന അപകടക്കെണികൾ.
കാടുമൂടി
അപകടം തുടർക്കഥയായതോടെ റോഡിന്റെ ഇരുവശങ്ങളിലും അപകടസാദ്ധ്യത മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. എന്നാൽ അവയെല്ലാം ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്.