വെഞ്ഞാറമൂട്: ശൈത്യകാലം ആരംഭിച്ചതോടെ വഴിയോരങ്ങളിലെ ശീതളപാനിയങ്ങളിൽ കേമനായി കരിമ്പിൻജൂസും. ശൈത്യകാലത്ത് കരിമ്പിന്റെ വിളവെടുപ്പ് കാലമായതിനാൽ ഇപ്പോൾ കരിമ്പും സുലഭമായി ലഭിക്കുന്നുണ്ട്. കരിമ്പിൻ ജൂസ് ഗ്ലാസ് ഒന്നിന് 50 രൂപയാണ് വില. അത്യാവശ്യം ക്ഷീണവും ദാഹവും തീരാൻ ഇവൻ മതി. പാലക്കാട്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും കരിമ്പ് എത്തുന്നത്. ഉത്സവ സീസണായതോടെ ഉത്സവ പറമ്പുകളിലും നിറയെ കരിമ്പ് തന്നെയാണ് താരം. ഒരു കരിമ്പിന് 70 രൂപ മുതൽ 100 രൂപ വരെയാണ് വിലയുണ്ട്.
 ഗുണങ്ങൾ ഏറെ
ശുദ്ധമായ കരിമ്പ് നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉത്പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശൈത്യകാലത്ത് ജലാംശം നിലനിറുത്താനുള്ള ഒരു മികച്ച മാർഗമാണ്. യൂറിനറി ഇൻഫെക്ഷൻ, ദഹനപ്രശ്നങ്ങൾ, മൂത്രാശയ കല്ലുകൾ എന്നീ രോഗങ്ങൾക്ക് ഇത് നല്ലൊരു മരുന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിറുത്താനും ഇത് സഹായിക്കും.