തിരുവനന്തപുരം: ആദിത്യ ബേബിയും കൂട്ടുകാരും ചേർന്ന് ഒരു സിനിമ പ്ലാൻ ചെയ്തു. വലിയ ക്യാമറാ സെറ്റപ്പൊന്നുമില്ല,പകരം ഐ ഫോണിലാണ് ഷൂട്ട് ചെയ്യൽ! അങ്ങനെ ജനിച്ച സിനിമയാണ് 'കാമദേവൻ നക്ഷത്രം കണ്ടു".പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർത്ഥിയായ ആദിത്യ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ ദേവൻ, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കിയത്. ക്യാമറയ്ക്കു മുന്നിലും പിന്നിലുമെല്ലാം ആദിത്യയുടെ കൂട്ടുകാർ.'മലയാള സിനിമ ഇന്ന്"എന്ന വിഭാഗത്തിലായി ചിത്രത്തിന്റെ ആദ്യപ്രദർശനം ഇന്നലെയായിരുന്നു. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും സിനിമ ചെയ്യാനുള്ള ആഗ്രഹവുമായിരുന്നു മനസിലെന്ന് ആദിത്യ പറയുന്നു. ഹൈപ്പർസെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന, അവരുടെ വികാരങ്ങൾക്കോ വിചാരങ്ങൾക്കോ വില കൽപ്പിക്കാത്ത രീതികളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. അന്ധവിശ്വാസം, മാനസികാരോഗ്യം, പുരുഷാധിപത്യം തുടങ്ങീ സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളും സിനിമയിൽ പ്രമേയങ്ങളാകുന്നു. 18ന് രാവിലെ 9ന് കൈരളി തിയേറ്ററിലും 19ന് വൈകിട്ട് 6ന് ന്യൂ തിയേറ്റർ സ്‌ക്രീൻ 2ലും ചിത്രം പ്രദർശിപ്പിക്കും.