
വർക്കല: വസ്തുവിന്റെ കരം തീരുവ ലഭിക്കുന്നതിനായി നീണ്ട 23 വർഷമാണ് വണ്ടിപ്പുര കാകുളം പ്രതീഷാ നിവാസിൽ പ്രഭ വിവിധ ഓഫീസുകൾ കയറിയിറങ്ങിയത്. വസ്തു പണയപ്പെടുത്തി ലോണെടുക്കുന്നതിനും മകളുടെ വിവാഹം നടത്തുന്നതിനും വസ്തുവിന്റെ കരം തീരുവ ആവശ്യമായിരുന്നു. പ്രഭയുടെ അവസ്ഥ മനസിലാക്കി വർക്കല താലൂക്ക് അദാലത്തിൽ കരം തീരുവ നൽകുന്നതിനുള്ള ഉത്തരവ് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും ചേർന്ന് നൽകി. പ്രഭയുടെ വിവാഹസമയത്ത് ഇഷ്ടദാനമായി കിട്ടിയതാണ് നാവായിക്കുളം വില്ലേജിലെ 5സെന്റ് സ്ഥലം. 40 വർഷം മുൻപ് പ്രഭയുടെ മാതാപിതാക്കൾ വാങ്ങിയ സ്ഥലമാണിത്. കൂലിപ്പണിക്കാരനായ ഭർത്താവ് വേണുവിനും മക്കൾക്കുമൊപ്പം പാരിപ്പള്ളി പാളയംകുന്ന് വണ്ടിപ്പുരയിലുള്ള ഭർത്താവിന്റെ കുടുംബ വീട്ടിലാണിപ്പോൾ താമസം. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മകളുടെ പഠനാവശ്യങ്ങൾക്കായി വായ്പകളെടുത്ത് കടക്കെണിയിലാണ് ഈ കുടുംബമിപ്പോൾ. വസ്തു പണയപ്പെടുത്തി കടങ്ങൾ വീട്ടി മകളുടെ വിവാഹം നടത്തണമെന്നാണ് പ്രഭയുടെ സ്വപ്നം. കരംതീരുവ ലഭിച്ച ഭൂമിയിൽ ഒരു വീടും നിർമ്മിക്കണം. തുടർസ്വപ്നങ്ങൾക്ക് സർക്കാരിന്റെ കരുതലിന്റെ കരങ്ങൾ കൂട്ടുണ്ടാകുമെന്ന ഉറപ്പുകൂടിയാണ് അദാലത്തിൽ ഹരിതകർമ്മസേന തൊഴിലാളി കൂടിയായ പ്രഭയ്ക്ക് ലഭിച്ചത്.