
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസം നീണ്ടു നിന്ന വാസ്തു വിദ്യ ദേശീയ സമ്മേളനം സമാപിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തുവിദ്യ പ്രതിഷ്ഠാനത്തിന്റെ പ്രഥമ സമ്മേളനമാണിത്.. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടന്ന സെമിനാറിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ സംസാരിച്ചു. ആറു സെഷനുകളിൽ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രാവിലെ നടന്ന സെമിനാറിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ മാനേജിംഗ് ഡയറക്ടറും സംഘാടക സെക്രട്ടറിയുമായ ഡോ.മനോജ്കുമാർ കിണി,ആർക്കിടെക്ട് ജി.ശങ്കർ,ആർക്കിടെക്ട് അയ്യർ ആൻഡ് മഹേഷ്,ഓൺലൈനായി ഭോപ്പാൽ സ്കൂൾ ഓഫ് പ്ലാനിംഗ് & ആർക്കിടെക്ച്ചർ ഡയറക്ടർ ഡോ.കൈലാസ് റാവു,എൽ.ബി.എസ് റിട്ട.ഡയറക്ടർ പ്രൊഫ.നാരായണൻ എന്നിവർ വാസ്തുവിദ്യയുടെ വ്യത്യസ്ത മേഖലകളെക്കുറിച്ച് സംസാരിച്ചു.വാസ്തു വിദ്യയെ സാങ്കേതികമായും സാമൂഹികമായും കാലാനുസൃതമായി പുതുക്കി,സാധാരണക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.ജനപങ്കാളിത്തത്തോടെ വാസ്തുവിദ്യയെ സമൂഹത്തിന് സമർപ്പിക്കുകയാണ് പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. ജന പങ്കാളിത്തം കൊണ്ടും സെമിനാർ ഏറെ ശ്രദ്ധിക്കപ്പെട്ടു. വാസ്തുവിദ്യാ പ്രതിഷ്ഠാനത്തിന്റെ തിരുവനന്തപുരം ചാപ്റ്റർ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സെമിനാറിൽ വാസ്തുവിദ്യാ പ്രതിഷ്ഠാനം സ്ഥാപകാംഗം ബാലഗോപാലൻ ടി.എസ് പ്രഭു,സ്ഥാപകാംഗവും ചെയർ പേഴ്സണുമായ ഡോ.ആശാലത തമ്പുരാൻ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ കേരള സെന്റർ ചെയർമാൻ പി.ബാലകൃഷ്ണൻ നായർ,പ്രൊഫ.നാരായണൻ, ഡോ.മനോജ്കുമാർ കിണി,ഡോ.പി.ഗിരീശൻ എന്നിവർ സംസാരിച്ചു.