
വർക്കല: ഏറെ പ്രതീക്ഷയോടെ റേഷൻ കാർഡ് തരം മാറ്റുന്നതിനും ചികിത്സാ സഹായത്തിനുമായാണ് കവലയൂർ സ്വദേശി അബൂസാബീവി കരുതലും കൈത്താങ്ങും വർക്കല താലൂക്ക് അദാലത്ത് വേദിയിലെത്തിയത്. ഭർത്താവ് ജലാലുദ്ദീനും അബൂസാബീവിയും പാറ ചുമട്ടു തൊഴിലാളികളായിരുന്നു. ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചു. ഭർത്താവിന്റെ ചികിത്സയ്ക്കായി വീടും സ്ഥലവും വിൽക്കേണ്ടിവന്നു. പിന്നാലെ അബൂസാബീവിക്ക് വൃക്കരോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഇടത് വൃക്ക നീക്കംചെയ്തു. ഇടയ്ക്ക് ഒരു വാഹനാപകടം കൂടി സംഭവിച്ചതോടെ ജോലിക്ക് പോകാൻ പറ്റാതായി. സ്വന്തമായി വീടും സ്ഥലവുംഇല്ലാത്തതിനാൽ ചെറിയൊരു ചായ്പ്പിലാണ് താമസം. മഞ്ഞ പി.എച്ച്.എച്ച് കാർഡിൽ നിന്നും അന്ത്യോദയ അന്നയോജന കാർഡിലേക്ക് തരംമാറ്റണമെന്ന ആവശ്യവുമായാണ് അദാലത്തിലെത്തിയത്. വിഷമങ്ങൾ കേട്ടറിഞ്ഞ മന്ത്രിമാർ വേഗത്തിൽ നടപടികൾക്ക് നിർദ്ദേശിച്ചു. അദാലത്തിൽവച്ചുതന്നെ അബൂസാബീവിക്ക് മന്ത്രി ജി.ആർ.അനിൽ എ.എ.വൈ റേഷൻ കാർഡ് കൈമാറി. ചികിത്സാസഹായം നൽകാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉടൻ തന്നെ അപേക്ഷ എഴുതി വാങ്ങാൻ ഉദ്യോഗസ്ഥരോട് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു.