
തിരുവനന്തപുരം: പകുതി സമയം സർക്കാർ സ്‌കൂളിലും ബാക്കിസമയം ട്യൂഷൻ സെന്ററിലും പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ടെന്നും അവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ നടത്തുന്ന അന്വേഷണത്തിൽ അദ്ധ്യാപകരുടെ നിയമവിരുദ്ധ പ്രവൃത്തികൾകൂടി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ ഗ്രാമീണ മേഖലകളിൽ നിരവധി അദ്ധ്യാപകർ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ ഓൺലൈനിൽ പ്രസിദ്ധീകരിച്ച എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനം മര്യാദയുടെ പരിധികൾ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
മാറ്റം ചർച്ചചെയ്യും
ഒന്ന് മുതൽ ഏഴ് വരെ ക്‌ളാസുകളിലേക്കുള്ള ടേം പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ എസ്.എസ്.കെയും എട്ടു മുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള ചോദ്യപ്പേപ്പർ എസ്.സി.ഇ.ആർ.ടി യുമാണ് തയ്യാറാകുന്നത്. കുട്ടികൾക്ക് പരിശീലനം നൽകാനാണ് ഇത്തരം പരീക്ഷകൾ നടത്തുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ സ്‌കൂളിൽ വിതരണം ചെയ്യുന്നതുവരെയുള്ള നടപടി ക്രമങ്ങളിൽ വ്യക്തത വരുത്തുമെന്നും എന്തൊക്കെ മാറ്റം ഇക്കാര്യത്തിൽ വരുത്തണമെന്നതിൽ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
''വിരമിച്ച ഒരു അദ്ധ്യാപകന് എം.എസ് സൊല്യൂഷനുമായി ബന്ധമുണ്ട്. ഇതു സംബന്ധിച്ച് ഡി.ഡി.ഇയുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.
-മന്ത്രി വി.ശിവൻകുട്ടി
ഓൺലൈൻ തൊഴിലാളി ബിൽ ഉടൻ
സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണമേഖലയിലെ തൊഴിലാളി ക്ഷേമത്തിനായി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ തൊഴിൽ നിയമങ്ങളും ലംഘിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ തൊഴിലെടുപ്പിക്കുന്നത്. അഭ്യസ്ത വിദ്യരായ യുവതീയുവാക്കളാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സ്ഥലമില്ലാതെ പണിയെടുക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ബില്ലെന്ന് മന്ത്രി പറഞ്ഞു.