
തിരുവനന്തപുരം: ആറ് ജില്ലകളുടെ വികസനത്തിന് വഴിതുറക്കുന്ന അങ്കമാലി-എരുമേലി ശബരിപാതയ്ക്ക് പാരയുമായി റെയിൽവേ. പദ്ധതിച്ചെലവിന്റെ പകുതി വിഹിതം നൽകുന്നതിനായി കേന്ദ്രവും റിസർവ് ബാങ്കുമായി ത്രികക്ഷി കരാറൊപ്പിടുന്നതും ഭൂമിയേറ്റെടുക്കലും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ടർമാരുടെ യോഗം ഇന്ന് ചേരാനിരിക്കെ, റെയിൽവേ നിശ്ചയിച്ച അജൻഡ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയ സർക്കാരിന് കൈമാറി.
നിലവിൽ ഒറ്റ ലൈനായി നിശ്ചയിച്ച ശബരിപാത ഇരട്ടപ്പാതയാക്കണമെന്നും ഇതിനുള്ള പകുതി ചെലവ് സംസ്ഥാനം വഹിക്കുന്നത് യോഗത്തിൽ ചർച്ച ചെയ്യണമെന്നുമാണ് റെയിൽവേയുടെ ആവശ്യം. നിലവിലെ പദ്ധതിച്ചെലവായ 3800.94കോടിയിൽ 1900.47കോടി മുടക്കാനുള്ള ത്രികക്ഷി കരാറൊപ്പിടാൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് കേരളത്തോടാവശ്യപ്പെട്ടിരിക്കെയാണ് ദക്ഷിണറെയിൽവേയുടെ പുതിയ അജൻഡ.
വീണ്ടും സർവേയും പഠനവും വേണ്ടി വരും
1997-98ൽ പ്രഖ്യാപിച്ച, 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരു പാലവും നിർമ്മിച്ച് പാതി വഴിയിലിട്ടിരിക്കുകയാണ്. സ്ഥലമെടുപ്പിന് ജനങ്ങളുടെ പ്രതിഷേധവും അലൈൻമെന്റിനെച്ചൊല്ലിയുള്ള കേസുകളും കാരണമാണ് പദ്ധതി വൈകിയതെന്നാണ് കേന്ദ്രം പറയുന്നത്. നിലവിൽ ഒറ്റ ലൈനായുള്ള പാത ഇരട്ടപ്പാതയാക്കണമെങ്കിൽ വീണ്ടും സർവേയും പരിസ്ഥിതി ആഘാതപഠനവുമടക്കം നടത്തണം. എറണാകുളം ജില്ലയിൽ ശബരിപാതയ്ക്കായി കല്ലിട്ടു തിരിച്ച സ്ഥലമേറ്റെടുക്കാൻ സാമൂഹ്യാഘാത പഠനം കഴിഞ്ഞതാണ്. ഇടുക്കിയിൽ മുഴുവൻ ഭൂമിയും കോട്ടയത്തെ രണ്ട് വില്ലേജുകളിലും ഭൂമിയേറ്റെടുപ്പിന് കല്ലിട്ട് തിരിച്ചതാണ്. ഇരട്ടപ്പാതയ്ക്കുള്ള സർവേ പൂർത്തിയാവാൻ വർഷങ്ങളെടുക്കും. ചെലവ് 8000കോടിയിലേറെയാവും. സാധാരണഗതിയിൽ പുതിയ പാതകൾ ആദ്യം ഒറ്റലൈൻ നിർമ്മിച്ച ശേഷമാണ് ഇരട്ടപ്പാതയാക്കാറുള്ളത്.
നിലവിൽ എരുമേലി വരെയുള്ള പാത പമ്പ വരെ നീട്ടണമെന്നും റെയിൽവേ ആവശ്യപ്പെടുന്നു. എരുമേലിയിൽ നിന്ന് പമ്പയിലേക്ക് വനഭൂമിയിലൂടെയാണ് പാത വരേണ്ടതെന്നതിനാൽ അനുമതി എളുപ്പമല്ല.