
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പുതുതായി ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടന ദിവസം മദ്യപിച്ച് രണ്ട് സി.ഐമാർ ഏറ്റുമുട്ടി. ഗുണ്ടാത്തലവനായ ഓംപ്രകാശിന്റെയും കുടുംബ സമേതമെത്തിയ ഒരു എസ്.പിയുടേയും സാന്നിദ്ധ്യത്തിലായിരുന്നു തമ്മിലടി. ഇരുവരേയും പിടിച്ചുമാറ്റിയത് ഓംപ്രകാശും ഗുണ്ടാസംഘവും ചേർന്ന്. രണ്ടു സി.ഐമാരേയും സസ്പെൻഡ് ചെയ്യണമെന്ന ശുപാർശ അടങ്ങിയ റിപ്പോർട്ട് ഇന്റലിജൻസ് മേധാവി പി.വിജയൻ ഇന്നലെ ഡി.ജി.പിക്ക് സമർപ്പിച്ചു. നടപടി ഉടനുണ്ടായേക്കും. വകുപ്പുതല അന്വേഷണവും ഉണ്ടാകും. അടിപിടിക്ക് സാക്ഷിയായ എസ്.പിയെ സ്ഥാനത്തുനിന്ന് മാറ്റിയേക്കും.
കഴിഞ്ഞ നാലിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തമ്മിലടിച്ചതിൽ ഒരാൾ ക്രൈംബ്രാഞ്ച് സി.ഐയും മറ്റൊരാൾ പൊലീസ് ആസ്ഥാനത്തെ സി.ഐയുമാണ്. അടുത്തിടെ എസ്.പിയായി പ്രൊമോഷൻ ലഭിച്ചയാളാണ് എസ്.പി. ഇവരുമായി അടുത്ത ബന്ധമാണ് ഹോട്ടലുടമയ്ക്കുള്ളത്.
പേരൂർക്കട വഴയിലയിലെ ഹോട്ടലിൽ രാത്രി 9.30നായിരുന്നു സംഭവം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഹോട്ടലുടമ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനാണ് ഇവരെത്തിയത്. വഴയിലയിലെ ഒരു പ്രമുഖ വ്യാപാരിക്കൊപ്പമാണ് ക്രൈംബ്രാഞ്ച് സി.ഐ എത്തിയത്. എസ്.പി വന്നത് കുടുംബസമേതം. വിരുന്നിനിടെ മദ്യപിച്ച സി.ഐമാർ ഈ ഹോട്ടലിൽ ആരംഭിക്കുന്ന ബാറിന്റെ ലൈസൻസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെ വാക്കുതർക്കമായി. തുടർന്ന് പരസ്പരം ഏറ്റുമുട്ടി. വഴയിലയിലെ വ്യാപാരിയും ക്രൈംബ്രാഞ്ച് സി.ഐയ്ക്കൊപ്പം കൂടി.
രംഗം വഷളാകുന്നത് കണ്ടതോടെ ഓംപ്രകാശും സംഘവും ഇവരെ പിടിച്ചുമാറ്റി. ഗുണ്ടാത്തലവന്റെയും എസ്.പിയുടേയും നേതൃത്വത്തിൽ നടത്തിയ അനുനയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചു. വിരുന്ന് തുടർന്നു.
ഗുരുതര അച്ചടക്ക ലംഘനം
അടിപിടി നടന്ന അന്നുതന്നെ സ്പെഷ്യൽ ബ്രാഞ്ച് മേലുദ്യോഗസ്ഥർക്ക് സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഗുണ്ടകളുടെ സാന്നിദ്ധ്യത്തിൽ ഹോട്ടലിൽ സത്കാരത്തിൽ പങ്കെടുത്തത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.