
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബർ 31വരെ നീട്ടിയെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനാണ് ഇ.കെ.വൈ.സി അപ്ഡേഷൻ സമയപരിധി ദീർഘിപ്പിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇപോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മസ്റ്ററിംഗ് നടത്തുന്നു.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളം ഇന്നലെ മുതൽ ഒറ്റത്തവണയായി വിതരണം ചെയ്തു തുടങ്ങി.
ശമ്പളത്തിനായി സർക്കാർ നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 30 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നു. അഞ്ചുദിവസത്തെ ഇന്ധനത്തിനായി നൽകേണ്ട തുക കൂടി ശമ്പളത്തിനായി മാറ്റിയാണ് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്തതെന്ന് മാനേജ്മെന്റ് അറിയിച്ചു
തെങ്ങുകയറ്റം: ഇൻഷ്വറൻസ്
പരിരക്ഷ ഏഴു ലക്ഷമാക്കി
കൊച്ചി: തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്നിഷ്യന്മാർക്കും നാളികേര വികസന ബോർഡിന്റെ കേരസുരക്ഷാ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള അപകട മരണ പരിരക്ഷ അഞ്ചു ലക്ഷത്തിൽ നിന്ന് ഏഴു ലക്ഷം രൂപയാക്കി. ചികിത്സാ ചെലവുകൾക്ക് രണ്ടു ലക്ഷം വരെയും ലഭിക്കും.
18 നും 65 നുമിടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ഒരു വർഷത്തേക്ക് ഗുണഭോക്തൃ വിഹിതമായി 239 രൂപ പ്രീമിയം അടയ്ക്കണം. നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ആദ്യവർഷം ഇൻഷ്വറൻസ് പരിരക്ഷ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ നാളികേര ബോർഡിന്റെ വെബ്സൈറ്റിലും 0484 2377266 എന്ന നമ്പരിൽ 255 എക്സ്റ്റൻഷനിലും ലഭിക്കും.
കലോത്സവം: അവതരണഗാനം
കലാമണ്ഡലം ചിട്ടപ്പെടുത്തും
തൃശൂർ: തിരുവനന്തപുരത്ത് ജനുവരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരം കേരള കലാമണ്ഡലം സൗജന്യമായി ചിട്ടപ്പെടുത്തും. ഇതുസംബന്ധിച്ച് കലാമണ്ഡലം വിദ്യാഭ്യാസമന്ത്രിക്ക് ഉറപ്പു നൽകി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശം വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രസ്താവന വിവാദമായതോടെ മന്ത്രിയത് പിൻവലിച്ചു. അതേസമയം,നൃത്താവിഷ്കാരം ആര് ചിട്ടപ്പെടുത്തുമെന്ന് തീരുമാനിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കലാമണ്ഡലം മുന്നോട്ടുവന്നത്. കലാമണ്ഡലം അദ്ധ്യാപകരും പി.ജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് അവതരിപ്പിക്കുക. ഇതിനുള്ള പരിശീലനം ഉടൻ തുടങ്ങുമെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ.പി.രാജേഷ്കുമാർ പറഞ്ഞു. കലാമണ്ഡലത്തെ വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു.