
കാൻസർ നിർണയത്തിന് കരുത്ത്, പാവപ്പെട്ട രോഗികൾക്ക് ആശ്വാസം
നടപടികൾക്ക് വേഗം കൂടിയത് കേരളകൗമുദി വാർത്തയ്ക്കു പിന്നാലെ
തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്‌പെക്ട് സ്കാനർ (ഗാമ ക്യാമറ) ആരംഭിച്ചു. ഇന്നലെ ട്രയൽ റൺ തുടങ്ങി.2020മുതൽ തുടങ്ങിയ ഗാമാ ക്യാമറ സ്ഥാപിക്കാനുള്ള നടപടി ഇഴഞ്ഞതും നാലുകോടി ചെലവാക്കി വാങ്ങിയ യന്ത്രം ഇൻസ്റ്റലേഷൻ ചെയ്ത് ഒന്നര വർഷമായിട്ടും പ്രവർത്തിപ്പിക്കാത്തതും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് നടപടികൾക്ക് വേഗം കൂടിയത്. ആശുപത്രി വികസനസമിതി നിരക്ക് നിശ്ചയിക്കുന്നതുവരെ ട്രയൽറൺ സൗജന്യമായി തുടരും. ശേഷമാകും ഫീസ് ഈടാക്കുക. തൈറോയ്ഡ്,ബോൺ കാൻസറുകൾ ഉൾപ്പെടെ കണ്ടെത്താനും വൃക്ക,ഹൃദയം,കരൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തി ശസ്ത്രക്രിയ നടത്താനും മസ്തിഷ്ക രോഗങ്ങൾ കണ്ടെത്താൻ ബ്രെയിൻ സ്കാൻ ചെയ്യാനും ഇതിലൂടെ സാധിക്കും. സ്വകാര്യ മേഖലയിൽ 10,000വരെ ഈടാക്കുന്ന സ്‌പെക്ട് സി.ടിക്ക് മെഡിക്കൽ കോളേജിൽ പരമാവധി 4000രൂപയ്ക്കുള്ളിലാകും നിരക്ക്. ബി.പി.എല്ലുകാർക്ക് സൗജന്യം.
കോഴിക്കോട്ടേക്ക് വണ്ടി കയറണ്ട
തലസ്ഥാനത്ത് സർക്കാർ മേഖലയിൽ ആർ.സി.സിയിൽ മാത്രമാണ് ഇതുള്ളത്.ഇവിടെ വൻതിരക്കുമാണ്.
പിന്നെ സർക്കാർ മേഖലയിൽ ഈ സ്കാനിംഗുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകണം. ഇതിനുള്ള യാത്രയും ചെലവും കാരണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്കാൻ ചെയ്യാൻ പാവപ്പെട്ടവർ നിർബന്ധിതരാകുകയായിരുന്നു.
ആകെ ചെലവ് 7.27കോടി
2020മുതൽ 2023വരെ യന്ത്രത്തിനും കെട്ടിടത്തിനുമായി 7.27 കോടിയാണ് ചെലവഴിച്ചത്
മെഡിക്കൽ സർവീസസ് കോർപറേഷനാണ് സ്കാനിംഗ് കേന്ദ്രം സജ്ജമാക്കിയത്
അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ മാനദണ്ഡപ്രകാരമുള്ളതാണ് കെട്ടിടം
റേഡിയേഷൻ മൂലകങ്ങളായ അയഡിനും ടെക്‌നീഷ്യം ഉപയോഗിച്ചുള്ള സ്‌കാനിംഗാണിത്