
തിരുവനന്തപുരം: വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുക, അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് അർദ്ധ ജുഡിഷ്യൽ അധികാരങ്ങളോടെ വയോജന കമ്മിഷൻ രൂപീകരിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി രാജ്ഭവനിൽ എത്തിച്ചു.
വയോജന പരിപാലനത്തിൽ പരിചയമുള്ള അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളുമാകും കമ്മിഷനിലുണ്ടാവുക. ഒരംഗം പട്ടികവിഭാഗത്തിൽ നിന്നും ഒരംഗം വനിതയുമായിരിക്കും. കമ്മിഷൻ അംഗങ്ങൾ എല്ലാവരും വയോജനങ്ങളായിരിക്കും. മൂന്നുവർഷമാണ് കാലാവധി. കമ്മിഷൻ അദ്ധ്യക്ഷന് ഗവ. സെക്രട്ടറിയുടെ പദവിയുണ്ടാകും. ശമ്പളവും ബത്തകളും കിട്ടും. അഡി.സെക്രട്ടറി റാങ്കിൽ കുറയാത്ത സെക്രട്ടറിയും ജോയിന്റ് സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറും ഉണ്ടാകും. ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായി നിയമിക്കും. തിരുവനന്തപുരത്താണ് ആസ്ഥാനം. ഓർഡിനൻസ് ഇന്ന് ഗവർണർ പരിശോധിച്ച ശേഷം തീരുമാനമെടുക്കും.