1

പൂവാർ: പരിമിതികളാൽ വീർപ്പുമുട്ടുന്ന പൂവാർ ഫാമിലി ഹെൽത്ത് സെന്ററിൽ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാർ. പാറശാല ബ്ലോക്ക് പഞ്ചായത്താണ് ധൃതിപിടിച്ച് പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണമാരംഭിച്ചത്. കരിങ്കൽ കെട്ടിയുയർത്തിയ അതിർത്തി ഉണ്ടായിട്ടും അതിനെ ബലപ്പെടുത്തിയെടുക്കാതെ ഒന്നര മീറ്ററോളം മാറിയാണ് നിർമ്മാണം തുടങ്ങിയത്. ഇത് കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളാൻ അപര്യാപ്തമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഉപയോഗശൂന്യമായ കിണർ ഭാഗം ഉൾപ്പെടുത്തി പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. അടുത്തകാലത്ത് ആശുപത്രി മുൻവശം കെട്ടിയടച്ചതോടെ പാർക്കിംഗ് പ്രശ്നവും രൂക്ഷമായി. ആംബുലൻസിനും മറ്റു വാഹനങ്ങൾക്കും തിരിഞ്ഞു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമില്ല. കാൽനടയാത്ര സാദ്ധ്യമല്ലാതായതോടെയാണ് പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണം അടിയന്തരമായി നടപ്പാക്കണമെന്ന് നാട്ടുകാരാവശ്യപ്പെട്ടത്.

ഡ്യൂട്ടി ക്രമീകരിക്കാനാവാതെ

1956ലാണ് പൂവാറിൽ ആരോഗ്യകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ആകെ 56 സെന്റ് ഭൂമി മാത്രമാണ് ആശുപത്രിക്കുള്ളത്. ആശുപത്രി വികസന പ്രവർത്തനങ്ങളെ സ്ഥലപരിമിതി തടസപ്പെടുത്തുന്നതായി അധികൃതർ പറയുന്നു. കിടത്തി ചികിത്സയ്ക്കായി 16 ബെഡ് നിലവിലുണ്ട്.8 ഡോക്ടർമാർ വേണ്ടിടത്ത് 6 പേരെ ഇപ്പോഴുള്ളൂ. അതിനാൽ നൈറ്റ് ഡ്യൂട്ടിക്ക് ഡോക്ടറെ ക്രമീകരിക്കാൻ കഴിയാത്തവസ്ഥയാണ്.

സ്ഥലപരിമിതി

ആശുപത്രിയിൽ എക്സറേ യൂണിറ്റ് ആരംഭിച്ചെങ്കിലും പ്രവർത്തനമില്ല. ഇ.സി.ജി യൂണിറ്റെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. മെഡിസിൻ വാങ്ങാൻ തുക അനുവദിക്കുന്നത് പാറശാല ബ്ലോക്ക് പഞ്ചായത്താണ്. നിലവിലെ തുക പരിമിതമാണെന്നും കൂടുതൽ തുക ആവശ്യമാണെന്നും അധികൃതർ പറയുന്നു. ഒരു മാസത്തിൽ 16 ദിവസം നടക്കുന്ന പാലിയേറ്റീവ് കെയർ സംവിധാനം, കിടപ്പ് രോഗികളുടെ എണ്ണക്കൂടുതലും ഉദ്യോഗസ്ഥരുടെ കുറവും കാരണം പലപ്പോഴും കൃത്യത പാലിക്കാതെയാണെന്ന് അധികൃതർ വ്യക്തമാക്കി.

വാഹനങ്ങൾ പാർക്ക് ചെയ്യാൻ പര്യാപ്തമായ രീതിയിൽ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കണം

എസ്.സജയകുമാർ,

പൂവാർ പഞ്ചായത്തംഗം